പനത്തടി : ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഏഴര പതിറ്റാണ്ടിന്റെ മഹനീയ സേവനകാലം പിന്നിട്ട് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. ജൂബിലിയുടെ ഔപചാരികമായ ഉദ്ഘാടനം സംഘാടകസമിതി ചെയർമാൻ എം.വി കൃഷ്ണന്റെ ആധ്യക്ഷതയിൽ എംഎൽഎ ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു. 75 കുട്ടികൾ അണിനിരന്ന പ്ലാറ്റിനം ജൂബിലി സ്വാഗതഗാന ത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. പ്ലാറ്റിനം ജൂബിലിയുടെ ശ്രദ്ധേയമായ പരിപാടിയായ കുട്ടിക്കൊരു വീടിന്റെ തറക്കല്ലിടൽ കർമ്മവും എം എൽ എ നിർവഹിച്ചു. ഗോത്ര മഹാമേള, പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം, സ്മാരക ശില്പങ്ങൾ, സ്കൂൾ കമാന നിർമ്മാണം തുടങ്ങി നിരവധി പരിപാടികളാണ് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷത്തിന്റെ ഭാഗമായിഈ വർഷം സ്കൂളിൽ നടക്കുന്നത്.
ചടങ്ങിൽ കരിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ബാലചന്ദ്രൻ നായർ, വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി, സുപ്രിയ ശിവദാസ്, അരുൺ രംഗത്ത് മല, വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ, ബി.സജിനി മോൾ, എം.സി.മാധവൻ, എൻ.രഞ്ജിത് കുമാർ, മഞ്ജുള ദേവി, പി.റെനിമോൾ, ബി.സുരേഷ്, എം.കെ.ബിജു, ജെറമിയ ബെൻ ഡാനിയൽ എന്നിവർ സംസാരിച്ചു. സ്വാഗത ഗാനം രചിച്ച ബിജു ജോസഫ് , സംഗീതം നൽകിയ അജിത്ത് ജി.കൃഷ്ണൻ എന്നിവരെ ആദരിച്ചു. പിടിഎ പ്രസിഡണ്ട് എൻ.വേണുഗോപാൽ സ്വാഗതവും പ്രിൻസിപ്പൽ എം.ഗോവിന്ദൻ നന്ദിയും പറഞ്ഞു.