.
രാജപുരം: സീറോ മലബാർ സഭ
സഭാ ശാക്തികരണ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2026 ലെ
വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ കാസർകോട് റീജനിലെ വെള്ളരിക്കുണ്ട്, മാലോം, പനത്തടി, കാഞ്ഞങ്ങാട്, കാസർകോട് ഫൊറോനകളിലെ മുഴുവൻ ഇടവകകളുടെയും സഹകരണത്തോടെ നടത്തുന്ന സാൻജോസ് തീർത്ഥാടനം ഇന്ന് അർധരാത്രി മുതൽ നടക്കും.
മാലോം, പടിമരുത്, പടുപ്പ്, പാണത്തൂർ എന്നീ കേന്ദ്രങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. നൂറോളം വൈദികരും സന്യസ്തരും, വൈദിക വിദ്യാർഥികളും വിശ്വാസികളും കിലോമീറ്ററുകളോളം കാൽനടയായി യാത്ര ചെയ്ത് പുലർച്ചെ പനത്തടി സെൻ്റ് ജോസഫ് ദേവാലയത്തിൽ എത്തിച്ചേരും. മാലോം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ നിന്നാരംഭിക്കുന്ന തീർഥാടക സംഘത്തെ തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി നയിക്കും.
പടിമരുത്, പടുപ്പ്, പാണത്തൂർ
ഇടവകകളിൽ നിന്നാരംഭിക്കുന്ന യാത്ര സംഘത്തെ യഥാക്രമം മോൺ. സെബാസ്റ്റ്യൻ പാലാകുഴി, മോൺ.മാത്യു ഇളം തുരുത്തിപടവിൽ, മോൺ.ആൻ്റണി മുതുകുന്നേൽ എന്നിവർ നയിക്കും. നാളെ പുലർച്ചെ 4 ന് മാർ.ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന സമൂഹ ബലിക്ക് തലശ്ശേരി അതിരൂപതാ വികാരി ജനറൽമാരായ മോൺ.ആൻ്റണി മുതുകുന്നേൽ, മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ.മാത്യു ഇളംതുരുത്തിപ്പടവിൽ, അതിരൂപത ചാൻസിലർ ഡോ.ജോസഫ് മുട്ടത്തുകുന്നേൽ, അതിരൂപത പ്രൊക്യൂറേറ്റർ ഡോ.ജോസഫ് കാക്കരമറ്റം, മുൻ വികാരി ഡോ.ജോസഫ് വാരണത്ത്, ഫൊറോന വികാരിമാർ എന്നിവർ സഹ കാർമികത്വം വഹിക്കും.
