രാജപൂരം : രോഗം ഭേദമായിട്ടും തിരിച്ച് പോകാൻ ഇടമില്ലാതെ കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ തന്നെ കഴിഞ്ഞിരുന്ന പനത്തടി നീലിച്ചാലിലെ ജാനകിയുടെ സംരക്ഷണം സേവാഭാരതി ഏറ്റെടുത്തു. സേവാഭാരതിയുടെ കീഴിൽ തൃശ്ശൂരിലെ മായന്നൂരിൽ പ്രവർത്തിക്കുന്ന തണൽമാത്യ സദനത്തിൽ ജാനകിക്കിനി സുരക്ഷിതമായി കഴിയാം. മാസങ്ങൾക്ക് മുമ്പാണ് കടുത്ത മാനസിക രോഗം ബാധിച്ച് ജാനകിയെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.എന്നാൽ അസുഖം ഭേദമായിട്ടും തിരിച്ച് പോകാൻ ഇടമില്ലാതെ കഷ്ടപ്പെടുന്ന ജാനകിയെ കേരളാ വനവാസി വികാസ കേന്ദ്രത്തിൻ്റെ പ്രവർത്തകരുടെ ശ്രമഫലമായാണ് തൃശ്ശൂരിലെ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചത്.
കേരളാ വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് ഹിത രക്ഷാപ്രമുഖ് ഷിബു പാണത്തൂർ, ജില്ല ലീഗൽ സർവീസ് അതോറിറ്റി പാരാ ലീഗൽ വളണ്ടിയർ കെ.മഹേശ്വരി, കെ.വി.ജയൻ എന്നിവരാണ് ജാനകിയെ തൃശ്ശൂരിലെ പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.