രാജപുരം: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ മലയോരത്തിന് അഭിമാന നേട്ടം. കേരളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മത്സരത്തില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ എടത്തോട് ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവണ്മെന്റ് യു.പി.സ്കൂളിന്റെ കൈയ്യൊപ്പ്. കെ.ശരണ്യ, നന്ദിമ കൃഷ്ണന് തുടങ്ങിയ കുട്ടികളാണ് കേരളത്തിനുവേണ്ടി ജേഴ്സി അണിഞ്ഞത്. സബ്ജില്ല, ജില്ല മത്സരങ്ങളില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ റണ്ണറപ്പും നേടിയ ടീമാണ് എസ്.വി.എം.ജി.യു.പി.സ്കൂള്‍ എടത്തോട്. സ്വര്‍ണമെഡല്‍ നേടി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് പ്രിയ താരങ്ങള്‍.
ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍, വ്യാപാരികള്‍, സംയുക്ത ഓട്ടോ തൊഴിലാളികള്‍, ബ്രദേഴ്സ് ക്ലബ്ബ്എടത്തോട്, ഗ്രാമീണ വായനശാല എടത്തോട് തുടങ്ങി ഒരു നാടിന്റെ സാംസ്കാരിക മുഖങ്ങളായ മുഴുവനാളുകളെയും ഉള്‍പ്പെടുത്തി , ജനകീയ സ്വീകരണമാണ് സംഘടിപ്പിച്ചത്. എടത്തോട് നിന്നും തുറന്ന വാഹനത്തില്‍ താരങ്ങളെ അണിനിരത്തി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പരപ്പ നഗരം ചുറ്റി യാത്ര എടത്തോട് സമാപിച്ചു. ആണ്‍കുട്ടികളുടെ അണ്ടര്‍ 15 വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ ജി എച്ച് എസ് എസ് പരപ്പയിലെ ഷാരോണ്‍ സാബുവിനെയും സബ് ജൂനിയര്‍ ടെന്നീസ് വോളീബോളില്‍ വെങ്കല മെഡല്‍ നേടിയ മദർ സവിന റസിഡൻസ് സ്കൂളിലെ വൈഗ ചന്ദ്രനെയും അനുമോദിച്ചു. ഷാരോൺ സാബു കഴിഞ്ഞവർഷം അണ്ടർ 13 വിഭാഗത്തിൽ സ്വർണ്ണം നേടിയ കാസർകോട് ജില്ലാ ടീമിൽ അംഗമായിരുന്നു
അനുമോദന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ബളാൽ പഞ്ചായത്ത് അംഗം ജോസഫ് വർക്കി കളരിക്കൽ അധ്യക്ഷത വഹിച്ചു.
എസ്വി എം ജി യു പി സ്കൂൾ ഹെഡ്മാസ്റ്റർ പി.എം.ശ്രീധരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, കോടോം-ബേളൂർ പഞ്ചായത്തംഗം എം.വി.ജഗന്നാഥ്, സ്കൂൾ പിടിഎ പ്രസിഡണ്ട് കെ.വിജയൻ, എസ് എം സി ചെയർമാൻ മധു കോളിയാർ, എം പി ടി എ പ്രസിഡന്റ് ശ്രീലേഖ, എടത്തോട് ജനകീയ വായനശാല സെക്രട്ടറി എം. ആർ.ശ്രീജ , ബ്രദേഴ്സ് ക്ലബ്ബ് ഭാരവാഹി മനീഷ്, ഉമേശൻ, വ്യാപാരി രവീന്ദ്രൻ ചിറക്കര, സ്കൂൾ അധ്യാപകനും കുട്ടികളുടെ കായിക വാസനകൾ കണ്ടെത്തി അവർക്ക് മികച്ച പരിശീലനത്തിൽ കൂടി കായിക താരങ്ങളാക്കി വാർത്തെടുക്കുന്നതിന് നേതൃത്വം നൽകുന്ന പവിത്രൻമാഷ് , സതീശൻമാഷ്, ഷാരോൺ സാബു വൈഗ ചന്ദ്രൻ, കേരള ടീം കോച്ച് പ്രസാദ് പരപ്പ, ശാലിനി, തുടങ്ങിയവർ സംസാരിച്ചു.
എടത്തോട് മാണിയൂരിലെ കൃഷ്ണന്, സിന്ധു ദമ്പതികളുടെ മകളാണ് നന്ദിമ കൃഷ്ണന്. പയാളത്തെ പ്രകാശന്, വിനീത ദമ്പതികളുടെ മകളാണ് കെ.ശരണ്യ, സിപിഐഎം ബളാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സാബു കാക്കനാട്ട്, ഷീലറ്റ് ദമ്പതികളുടെ മകനാണ് ഷാരോൺ സാബു.
എടത്തോട് സി.വി.ചന്ദ്രൻ, പ്രസന്ന ദമ്പതികളുടെ മകളാണ് വൈഗ ചന്ദ്രൻ.