ഏകദിന ഉപവാസവും ചക്രസ്തംഭന സമരവും ഒക്ടോബർ 2 ന്
രാജപുരം : കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ പ്രത്യക്ഷ ജനകീയ സമരവുമായി തെരുവിലിറങ്ങുകയാണ് മലനാട് വികസന സമിതി. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ചക്ര സ്തംഭന സമരവും ഏകദിന ഉപവാസ സമരവും നടത്തും. മലയോര പഞ്ചായത്തുകളായ കള്ളാർ, പനത്തടി, കോടോം ബേളൂർ പഞ്ചായത്തുകളുടെ മോചന പോരാട്ടമായി ഉൾക്കൊണ്ടുകൊണ്ട് മുഴുവൻ ജനങ്ങളുടെയും പിന്തുണയും സഹായസഹകരണവും അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. ബളാംന്തോട് നടക്കുന്ന ഏകദിന ഉപവാസവും ചക്രസ്തംഭന സമരവും ഡോക്ടർ സിനോഷ് സ്കറിയാച്ചൻ ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷിനോജ് ചാക്കോ, അഡ്വക്കേറ്റ് സരിത ബാബു, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, രാജപുരം ഫെറോന വികാരി ഫജോസ് അരീച്ചിറ തുടങ്ങിയവർ സംബന്ധിക്കും. സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിക്കും. ഒക്ടോബർ 7 നു ശേഷം മലനാട് വികസന സമിതി പ്രതിനിധികൾ കാഞ്ഞങ്ങാട് എംഎൽഎ ഇ ‘ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കിഫ്ബി ഡയറക്ടർ അബ്രഹാം, കിഫ്ബി ടെക്നിക്കൽ ചീഫ് എന്നിവരെ കണ്ട് സംസ്ഥാന പാതയുടെ നവീകരണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടും. തുടർനടപടികൾ നീട്ടിക്കൊണ്ടു പോയാൽ മലയോര ജനതയെ ഒന്നടങ്കം തെരുവിലറക്കി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകുന്നു. വാർത്താ സമ്മേളനത്തിൽ മലനാട് വികസന സമിതി ചെയർമാൻ ആർ.സൂര്യനാരായണ ഭട്ട്, മലനാട് വികസന സമിതി വൈസ് ചെയർമാൻ കെ.ജെ. സജി, ജനറൽ സെക്രട്ടറി ബി.അനിൽകുമാർ, ട്രഷറർ അജി ജോസഫ്, കമ്മിറ്റി അംഗം ആർ.സി.രജനീദേവി തുടങ്ങിയവർ സംബന്ധിച്ചു.