
രാജപുരം: വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു. പാണത്തൂർ മൈലാട്ടിയിലെ ചാന്ദിനിക്കും, യശോദയ്ക്കും റേഷൻ കാർഡ് ലഭിച്ചു. സഹായകമായത് സാമൂഹ്യ പ്രവർത്തകൻ ഷിബു പാണത്തൂരിന്റെ ഇടപെടൽ.
പാണത്തൂർ – പനത്തടി പഞ്ചായത്തിലെ മൈലാട്ടിയിലെ രണ്ടു കുടുംബങ്ങൾക്ക് റേഷൻ കാർഡ് ലഭിച്ചു. സഹായകമായത്
സാമൂഹ്യ പ്രവർത്തകൻ ഷിബു പാണത്തൂരിൻ്റെ ഇടപെടൽ. പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട പാണത്തൂർ മൈലാട്ടിയിലെ ചാന്ദിനിക്കും, മൈലാട്ടിയിലെ യശോദയ്ക്കുമാണ് പുതുതായി റേഷൻ കാർഡ് ലഭിച്ചത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ വർഷങ്ങളായി വാടകയ്ക്കും, ബന്ധു വിടുകളിലുമായി താമസിച്ചു വരികയായിരുന്നു ഭർത്താവും ചെറിയ മൂന്ന് കുട്ടികളുമടങ്ങിയ ചാന്ദിനിയുടെ കുടുംബം. ഈയിടെ പനത്തടിയിൽ വച്ച് പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നടത്തിയ എ.ബി.സി.ഡി. ക്യാമ്പിൽ ചാന്ദിനിയെ എത്തിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ചാന്ദിനിക്ക് റേഷൻ കാർഡ് ലഭിച്ചത്.
മൈലാട്ടിയിലെ യശോദയുടെ പേര് കുടുംബത്തിലെ റേഷൻ കാർഡിൽ നിന്നും പേര് ഒഴിവാക്കി പുതിയ റേഷൻ കാർഡിനായി ഒരു വർഷക്കാലമായി സപ്ലൈ ഓഫീസിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയായിരുന്നു യശോദ. എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ മൂലം റേഷൻ കാർഡ് അനുവദിച്ചിരുന്നില്ല. ഇതിൽ സപ്ലേ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് യശോദയ്ക്ക് റേഷൻ കാർഡ് ലഭിച്ചത്. ഒരു ചെറിയ കുടിലിലാണ് യശോദയയും ഭർത്താവും, മൂന്നു ചെറിയ കുട്ടികളുമടങ്ങിയ കുടുംബം താമസിച്ചു വരുന്നത്. സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും റേഷൻ കാർഡ് ഇല്ലാത്തതിനാൽ പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി പോലെയുള്ള ആനുകൂല്യങ്ങൾക്ക് ഇവരെ പരിഗണിച്ചിരുന്നില്ല. റേഷൻ കാർഡ് ലഭിച്ചതിനാൽ ഇനി പുതിയ ഭവനപദ്ധതിയിലേക്ക് അപേക്ഷിക്കാം എന്നുള്ള പ്രതീക്ഷയിലാണ് യശോദ .എന്നാൽ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ വീടെന്ന സ്വപ്നം ഇപ്പോഴും അകലെയാണ് ചാന്ദിനിക്ക്.