
രാജപുരം : ജില്ലാ പഞ്ചായത്തും കോടോം ബേളൂർ പഞ്ചായത്തും ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി തായന്നൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് കോലായക്കൂട്ടം സംഘടിപ്പിച്ചു.
ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പെൺകുട്ടികൾക്കായി എച്ച്പി വി നൽകുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ബോധവൽക്കരണത്തിന് വേണ്ടിയാണ് തായന്നൂരിൽ കോലായക്കൂട്ടം സംഘടിപ്പിച്ചത്.
അതോടൊപ്പം ജീവിതശൈലി രോഗ നിയന്ത്രണം പകർച്ചവ്യാധി പ്രതിരോധം , ദേശീയ ബധിരത നിർമാർജന പരിപാടി , അന്ധത നിർമാർജന പരിപാടി, കുഷ്ഠരോഗ നിർമാർജന പരിപാടി, എംആർ വാക്സിനേഷൻ ക്യാമ്പയിൻ എന്നിവയെക്കുറിച്ചൊക്കെയും സംവാദത്തിൽ ചർച്ച ചെയ്തു. ലോക ഹൈപ്പർടെൻഷൻ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനവും വിവിധ രോഗങ്ങൾ കണ്ടെത്താനുള്ള സ്ക്രീനിംഗ് ക്യാമ്പും കോലായക്കൂട്ടത്തിൽ വെച്ച് നടത്തപ്പെട്ടു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, പഞ്ചായത്ത്
വൈസ് പ്രസിഡണ്ട് പി.ദാമോദരൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എൻ.എസ്.’ ജയശ്രീ , ഗ്രാമ പഞ്ചായത്തംഗം രാജീവൻ ചീരോൽ എന്നിവർ സംബന്ധിച്ചു.
ഒത്തുകൂടിയിരുന്നവരോട് ആരോഗ്യ സന്ദേശങ്ങളുടെ ലളിത വാചകങ്ങളും ആയി ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ ബി.സന്തോഷ്, ഡോക്ടർ ബേസിൽ വർഗീസ്, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ശ്യാം മോഹൻ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ടെക്നിക്കൽ അസിസ്റ്റൻ്റ് എം.ചന്ദ്രൻ, ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.പി.ഹസീബ് , ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ ജെയിൻ ഷൈനി, ഹെൽത്ത് സൂപ്പർവൈസർ അജിത് സി.ഫിലിപ്പ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി.മഹേഷ് കുമാർ, പി.കെ.ജിഷ , പബ്ലിക് ഹെൽത്ത് നേഴ്സ് കെ.ശോഭന, ഓഡിയോളജിസ്റ്റ് രാഹുൽ എന്നിവർ സംസാരിച്ചു.
കലാരൂപങ്ങളായ മംഗലം കളിയും തിരുവാതിരയും കൈകൊട്ടിക്കളിയും ഒപ്പനയും, നാട്ടറിവ് പാട്ടുകളുമെല്ലാം കോലായക്കൂട്ടത്തിന്റെ മാറ്റ് കൂട്ടി..ഒരു നാട് ഒന്നാകെ ഒഴുകിയെത്തിയ അവിസ്മരണീയ അനുഭവമായി മാറുകയായിരുന്നു അക്ഷരാർത്ഥത്തിൽ തായന്നൂരിലെ കോലായക്കൂട്ടം.