രാജപുരം: ഒരു കുന്നിൻ്റെ ചുറ്റുപാടും ഊരുകളുള്ളപ്പോൾ താഴത്തെ ഊര് തായന്നൂരായി മാറിയത്രേ.ചുറ്റും കാടു മൂടി കിടന്ന ആ പ്രദേശത്ത് മാറി മാറി കുടിൽ കെട്ടി താമസിച്ച ആദിവാസി ഊരിൽ സന്ധ്യാനേരത്ത് ഊരുമൂപ്പൻ തുടിയെടുത്ത് കൊട്ടി പാടൻ തുടങ്ങും. പൊട്ടും കൊട്ടും മുറുകുമ്പോൾ ഊരുകളിലെ കുട്ടികളും സ്ത്രീകളുമുൾപ്പടെ എല്ലാവരും തുടി ശബ്ദം കേട്ടിടത്ത് കൂട്ടം കൂടും.
ജന്മിയുടെ പാടത്ത് പകലന്തിയോളം പണിയെടുത്ത് തളർന്നെത്തുന്ന ഗോത്രജനതയുടെ സന്തോഷവും പ്രതിഷേധവും വിപ്ലവ മുദ്രാവാക്യങ്ങളുമായി അവരങ്ങനെ ചുവട് വയ്ക്കും.
എവിടെയും എഴുതി വച്ചിട്ടില്ലാത്ത,ലിപിയില്ലാത്ത ഭാഷയിൽ ആദിവാസികൾ പാടിയ പാട്ടുകളും ചുവടുകളും കൈമോശം വന്നു പോകുന്ന കാലത്തിലാണ് തനതായ ആദിവാസി കലാരൂപങ്ങളും നാടൻ പാട്ടുകളും വരും തലമുറയിലേക്ക് പകർന്നു നൽകാനും പ്രൊഫഷണൽ നാടൻ കലാസംഘമായി ഗോത്ര കലകൾ ജനകീയമാക്കാനുമായി തായന്നൂർ ഗോത്രബന്ധു വികസന സമിതിയുടെ നേതൃത്വത്തിൽ തയ്യാറാവുന്നത്.
കോടോം -മ്പേളൂരിൽ സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് നടപ്പാക്കി വരുന്ന നബാർഡ് ആദിവാസി വികസന പദ്ധതിയുടെ ഭാഗമായാണ് ഒരു മാസത്തിലധികമായി ഗോത്രകലകളുടെ പരിശീലനം നടക്കുന്നത്.
മലവേട്ടുവൻ , മാവിലൻ വിഭാഗങ്ങളുടെ മംഗലം കളി, എരുതുകളി (കാള കളി), വയനാട്ടിലെ പണിയ വിഭാഗത്തിൻ്റെ പണിയ നൃത്തം എന്നിവയിൽ 35 അംഗങ്ങൾ അടങ്ങുന്ന ടീം പരിശീലനം പൂർത്തീകരിച്ചിട്ടുണ്ട്.
തനതായ ശൈലിയിൽ മാറ്റം വരുത്താതെയാണ് വേദിയിൽ അടക്കം അവതരിപ്പിക്കുക.
രവികുറ്റിയടുക്കം, നാരായണൻ എന്നിവരാണ് മംഗലം കളി പരിശീലകർ. പണിയ സമുദായ അംഗവും നരിവേട്ട സിനിമയിലെ പണിയ ഭാഷ വിവർത്തകനുമായ പ്രസാദ് ചുള്ളിയോടാണ് പണിയ നൃത്ത പരിശീലകൻ. അനുഷ്ഠാന കലാരൂപമായ എരുതുകളി ചന്ദ്രൻ വേങ്ങച്ചേരിയുടെ നേതൃത്വത്തിൽ പരിശീലിപ്പിച്ചു.ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുൻപിൽ തായന്നൂർ സാംസ്കാരിക നിലയത്തിൽ വച്ച് ഗോത്രകലകളുടെ ആദ്യ അവതരണം നടന്നു.
നബാർഡ് ഡിഡിഎം കെ.എസ്ഷാരോൺ വാസ്, പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ, പഞ്ചായത്ത് മെമ്പർമാരായ രാജീവൻ ചീരോൽ, ഇ.ബാലകൃഷ്ണൻ, പത്മനാഭൻ കുളിമാവ്, ഗ്രീഷ്മ മനേഷ് , രാധിക വേങ്ങച്ചേരി, പ്രമോദ് തൊട്ടിലായി, കെ.എ.ജോസഫ്, സതീന്ദ്രൻ ചീരോൽ, നാരായണൻ സർക്കാരി , ദാമോദരൻ മൊയാലം തുടങ്ങിയവർ സംസാരിച്ചു. ഗോത്രകലാസംഘത്തിന് വേണ്ടി നബാർഡ് ഫണ്ടിൽ അനുവദിച്ച വാദ്യോപകരണങ്ങളും, പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും പരിപാടിയിൽ വിതരണം ചെയ്തു.
ക്യാമ്പ് കോർഡിനേറ്ററും, സി ആർ ഡി പ്രോഗ്രാം മാനേജറുമായ ഇ.സി.ഷാജി സ്വാഗതവും രമേശൻ മലയാറ്റുകര നന്ദിയും പറഞ്ഞു.
