രാജപുരം : തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലം
വന്നപ്പോൾ കള്ളാർ പഞ്ചായത്തിൽ സീറ്റ് വർധനയോടെ യുഡിഎഫ് ഭരണം നിലനിർത്തി. 15 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 12 സീറ്റും യുഡിഎഫ് സഖ്യം നേടി. എൽഡിഎഫിന് രണ്ട് സീറ്റും ബിജെപി ഒരു സീറ്റും നേടി. എൽഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് കുറവ് വന്നു. കള്ളാർ പഞ്ചായത്തിലെ വികസനമുടരിപ്പ് ചൂണ്ടിക്കാട്ടി ഭരണം പിടിക്കാനുള്ള തന്ത്രങ്ങളുമായി എൽഡിഎഫ് പ്രവർത്തിച്ചെങ്കിലും വേണ്ടത് വിജയിക്കാനായില്ല. 9, 10, 11 വാർഡുകൾ യുഡിഎഫിൻ്റെ കയ്യിൽ നിന്നും പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളും ഫലം കണ്ടില്ല. പനത്തടി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തിയങ്കിലും സീറ്റ് കുറഞ്ഞത് പാർട്ടിയുടെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 7 സീറ്റ് കുറവാണ് ഇത്തവണ ലഭിച്ചത്. സിറ്റിങ് സീറ്റ് പോലും എൽഡിഎഫിന് നഷ്‌ടമായി. 17 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 8 വാർഡുകളിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. 2 വാർഡുകളുണ്ടായിരുന്ന ബിജെപിക്ക് 3 വാർഡുകളിൽ വിജയം നേടാനായി. കോടോം ബേളൂർ പഞ്ചായത്തിൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി. 21 വാർഡുകളിൽ 15 വാർഡ് എൽഡിഎഫ് നേടി. യുഡിഎഫ് 5 വാർഡിലും, ബിജെപി ഒരു വാർഡിലും വിജയിച്ചു.
