ജീവിത ശൈലി രോഗങ്ങൾക്കെതിരെ തായന്നൂർ മാതൃക.

രാജപുരം:  സ്കൂൾ വിട്ടാൽ മൈതാനത്തെത്തിയിരുന്ന കുട്ടികളും യുവാക്കളും സ്മാർട്ട് ഫോണുകൾക്ക് അടിമപ്പെട്ടെന്നും ഗ്രാമ പ്രദേശങ്ങളിലെ യുവാക്കൾ മദ്യപാനത്തിലേക്കും വഴിതെറ്റുന്നുവെന്നും പരാതിപ്പെടുമ്പോൾ വൈകുന്നേരത്തിന് പുറമെ രാവിലെയും പരിശീലനവും വ്യായാമവുമായി സ്‌കൂൾ മുറ്റത്തെ മൈനാനത്തിലെത്തി മാതൃകയാവുകയാണ് തായന്നൂർ.
    രാവിലെ അഞ്ചരയോടെ തായന്നുർ ഗവ ഹയർ സെക്കൻ്റെറി മൈതാനത്ത് ആളുകൾ എത്തി തുടങ്ങും. ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാനായി വീട്ടുമുറ്റത്തെ റോഡിലൂടെ നടന്നവർ ഗ്രൗണ്ടിലെത്തിയപ്പോൾ അത് സൗഹാർദ്ദപരമായ നല്ലൊരു ഇടമായി. പുലർച്ചെ 6 മണിയോടെ തുടങ്ങുന്ന വ്യായാമങ്ങൾക്ക് ശേഷം ഫുട്ബോൾ പരിശീലനവും കളിയുമാണ്. ക്ലബ്ബുകളുടെ അതിർവരമ്പുകളില്ലാതെ പലരും ഫുട്ബോൾ കളിക്കും.
   കൂലിപ്പണിക്ക് പോകുന്നവരും സർക്കാർ ഉദ്യോഗസ്ഥരുമടക്കമുളളവർ രാവിലെ മൈതാനത്ത് എത്തുന്നുണ്ട്. ജാതിമത രാഷ്‌ട്രീയത്തനിപ്പുറം ഒന്നിച്ച് നടന്നും കഥകൾ പറഞ്ഞും ഓരോ പ്രഭാതവും മനോഹരമാക്കുന്ന ഈ ഗ്രാമീണ മാതൃകയിൽ 8 വയസ്സുള്ള വിദ്യാർത്ഥികൾ മുതൽ 80 തികഞ്ഞവർ വരെയുണ്ട് .ഓരോ ദിവസവും ആളുകൾ കൂടി വരുന്നതായും, ദൂരം നോക്കാതെ ആളുകൾ പരിശീലനത്തിന് എത്തുന്നതായും ഫുട്ബോൾ താരവും പരിശീലകനുമായ കുഞ്ഞിക്കൃഷ്ണൻ തായന്നൂർ പറയുന്നു