വെള്ളീച്ച ശല്യം രൂക്ഷം; കോടോം ബേളൂരില്‍ നൂറുകണക്കിന് തെങ്ങുകള്‍ നശിച്ചു

  • രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ വെള്ളീച്ച ശല്യം രൂക്ഷം. കഴിഞ്ഞ നാലുമാസത്തിനിടെ ഏഴാംമൈല്‍ പോര്‍ക്കളം ഭാഗത്ത് മാത്രം നശിച്ചത് നൂറുകണക്കിന് തെങ്ങുകള്‍. പ്രതിവിധിയെന്തെന്നറിയാതെ നാളികേര കര്‍ഷകര്‍. കൃഷി ഭവന്‍ അധികൃതരാകട്ടെ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും ശക്തം. വൈകുന്നേരങ്ങളില്‍ പറന്നെത്തി തെങ്ങോലയുടെ അടി ഭാഗത്ത് പറ്റിപ്പിടിച്ചാണ് ഇവ തെങ്ങിനെ നശിപ്പിക്കുന്നത്. ഓലകളില്‍ പറ്റിപിടിച്ച് കിടക്കുന്ന ഇവ പത്ത് ദിവസത്തിനകം തെങ്ങോലയുടെ നീരെല്ലാം വലിച്ചു കുടിക്കും. ഇതോടെ ഓലയുടെ നിറം കറുക്കാനും ഉണങ്ങി വീഴാനും തുടങ്ങും. പരമാവധി ഒരു മാസത്തിനകം തെങ്ങു നശിക്കുകയും ചെയ്യുന്നതായി കര്‍ഷകര്‍ പറയുന്നു. ഒരു തെങ്ങില്‍ നിന്നും അടുത്ത തെങ്ങിലേക്ക് പറന്ന് പോകുന്നതിനാല്‍ പ്രദേശത്തെ മിക്ക തെങ്ങിന്‍ തോട്ടങ്ങളും നാശത്തിന്റെ വക്കിലാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തീരദേശത്തെ അപേക്ഷിച്ച് മലയോര മേഖലയില്‍ വെള്ളീച്ച ശല്യം പൊതുവേ കുറവായിരുന്നു. എന്നാല്‍ മലയോര പഞ്ചായത്തുകളിലും ഇവയുടെ ശല്യം വ്യാപകമായതോടെ എന്തു ചെയ്യണമെന്നറിയാതെ കഴിയുകയാണ് തെങ്ങുകര്‍ഷകര്‍. കാലാവസ്ഥാ മാറ്റം, താപ നിലയിലെ വര്‍ധന തുടങ്ങിയവയായിരിക്കാം വെള്ളീച്ച ആക്രമണം വ്യാപകമാകുന്നതിന് പിന്നിലെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നു. ഓലകള്‍ മുറിച്ച് കത്തിക്കാനും വേപ്പണ്ണ മിശ്രിതം, സോപ്പ് ലായിനി തുടങ്ങിയവ തളിക്കാനുമാണ് കൃഷി വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തേങ്ങയ്ക്ക് വില ഉയരുന്നത് കണ്ട സന്തോഷിച്ചെങ്കിലും വെള്ളീച്ചയുടെ വരവോടെ ആ പ്രതീക്ഷയും നഷ്ടമാവുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

Leave a Reply