- രാജപുരം: ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാനൊരുങ്ങി മലയോരം. നാടെങ്ങും നക്ഷത്ര ദീപങ്ങള്‍ മിഴി തുറന്നു. വീടുകളില്‍ നക്ഷത്രങ്ങള്‍ തെളിയിക്കുന്നതിനൊപ്പം ക്രിസ്മസ് അടുത്തതോടെ പുല്‍കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കിതുടങ്ങി കുടുംബാംഗങ്ങള്‍. 22-ന് സ്കൂള്‍ അവധി തുടങ്ങുന്നതോടെ കുട്ടികളും ആഘോഷ തിരക്കിലായി. ജാതി മത ഭേതമന്യേ മലയോരത്തെ മിക്ക വീടുകളിലും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി നക്ഷത്രങ്ങള്‍ തെളിയിക്കുന്നത് പതിവ് കാഴ്ചയാണ്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കം മലയോരത്ത് കഴിഞ്ഞ വര്‍ഷം ആഘോഷങ്ങളുടെ പൊലിമ കുറച്ചിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇതൊക്കെ മാറിയിരിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലടക്കം ഇതിന്റെ ഉണര്‍വ് പ്രകടമാണ്. മുന്‍വര്‍ഷങ്ങളെ അപേഷിച്ച് കടലാസ് നക്ഷത്രങ്ങളുടെ സ്ഥാനം എല്‍.ഇ.ഡി.നക്ഷത്രങ്ങള്‍ കയ്യടക്കിയതായി വ്യാപാരികള്‍ പറയുന്നു. ഇതിനൊപ്പം ചൈനീസ് വര്‍ണ വിളക്കുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. പുല്‍കൂട് സെറ്റുകളും നന്നായി ചെലവാകുന്നുണ്ട്. സ്കൂള്‍ അടക്കുന്നതോടെ ആഘോഷ തിരക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. യേശുദേവന്റെ തിരുപിറവി അറിയിച്ചെത്തുന്ന ക്രിസ്മസിനെ വരവേല്‍ക്കാന്‍ മലയോരത്തെ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചും വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. കെ.സി.വൈ.എല്‍, കെ.സി.വൈ.എം. തുടങ്ങിയ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ മിക്ക ദേവാലയങ്ങളിലും കൂറ്റന്‍ നക്ഷത്രങ്ങള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇതോടൊപ്പം നാടൊന്നാകെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളിലേക്ക് നീങ്ങുകയാണെന്ന് വിളിച്ചോതി പ്രധാന കുടിയേറ്റ കേന്ദ്രങ്ങളില്‍ ഒന്നായ മാലക്കല്ല് ടൗണ്‍ പൂര്‍ണമായും വൈദ്യുത അലങ്കാരങ്ങളാല്‍ മനോഹരമാക്കി. ബാങ്കുകളും വ്യാപാരികളും ഡ്രൈവര്‍മാരും കൂട്ടായാണ് മനോഹരമായ രാത്രി കാഴ്ച സമ്മാനിക്കും വിധം ടൗണ്‍ ഒന്നാകെ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചത്.