പൂടംകല്ല്: കഴിഞ്ഞ 25 വര്‍ഷമായി പശുവളര്‍ത്തുന്ന പൂടംകല്ലിലെ മിനി മാത്യുവിന് ഇത് വിശ്വസിക്കാനാകുന്നില്ല. ജനിതക വൈകല്യമാണെങ്കിലും തന്റെ പശുവിന് പിറന്ന വാലില്ലാത്ത ഒറ്റക്കണ്ണന്‍ പശുക്കുട്ടിയെ ജീവനു തുല്യം സ്‌നേഹിച്ച് താലോലിക്കുകയാണ് മിനി. വര്‍ഷങ്ങളായുള്ള തന്റെ പശുവളര്‍ത്തലില്‍ വാലില്ലാത്ത പശുക്കുട്ടി പിറന്ന സംഭവം ഇത് ആദ്യമാണെന്ന് മിനി പറയുന്നു. വാലില്ലാത്തതിനാല്‍ പശുക്കുട്ടിക്ക് ജീവിക്കാന്‍ പ്രയാസമാണെന്നും, ഈച്ചകള്‍ കടിച്ച് രോഗങ്ങള്‍ പകരാന്‍ കാരണമാകുമെന്നും പലരും അഭിപ്രായപ്പെട്ടെങ്കിലും സ്വന്തം കുട്ടിയെ പോലെ അതിനെ പരിചരിച്ച് വളര്‍ത്തി കാണിക്കാന്‍ തന്നെയാണ് മിനിയുടെ തീരുമാനം. മിനിയുടെ ഏത് നല്ല തീരുമാനത്തിനും കൂടെ നില്‍ക്കുന്ന ഭര്‍ത്താവ് ടി.യു.മാത്യുവിനും ( കൊച്ചുമോന്‍) മിനിയുടെ തീരുമാനത്തില്‍ എതിരഭിപ്രായമില്ല. ഏതായാലും മിനിയുടെ വീട്ടിലെ അപൂര്‍വ പശുക്കുട്ടി ഇപ്പോള്‍ നാട്ടുകാരുടെ കൗതുകമായിരിക്കുകയാണ്. മൃഗ ഡോക്ടര്‍മാരെ വിളിച്ച് പ്രത്യേകതയുള്ള തന്റെ പശുക്കുട്ടിയെ പരിചരിക്കാന്‍ ആവശ്യമായ ഉപദേശങ്ങളും ഇതിനോടകം തന്നെ ഇവര്‍ തേടിയിട്ടുണ്ട്.