ഓരോ മകര ചൂടിലും ദാഹമകറ്റാന്‍ കുടിവെള്ളത്തിനായുള്ള കോടോം ബേളൂരിന്റെ പരക്കം പാച്ചില്‍ അവസാനിക്കുന്നു

രാജപുരം: ഓരോ മകര ചൂടിലും ദാഹമകറ്റാന്‍ കുടിവെള്ളത്തിനായുള്ള കോടോം ബേളൂരിന്റെ പരക്കം പാച്ചില്‍ അവസാനിക്കുന്നു. രണ്ടു പതിറ്റാണ്ടോളം കാലം ഒരുനാടൊന്നാകെ ക്ഷമയോടെ കാത്തിരുന്ന സാര്‍ക്ക് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. കോടികള്‍ ചെലവഴിച്ചിട്ടും ഇഴഞ്ഞുനീങ്ങുന്ന പദ്ധതിയെന്ന പേരുദോഷം ചാര്‍ത്തികിട്ടിയെങ്കിലും ഇനിയും വൈകിക്കാതെ നാടിന് കുടിവെള്ളം ലഭ്യമാക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് ജല അതോറിറ്റി. ഇതോടെ കാത്തിരുന്ന്, കാത്തിരുന്ന് വര്‍ഷങ്ങളേറെ പിന്നിട്ടെങ്കിലും പദ്ധതി യാഥാര്‍ഥ്യമാകുന്ന സന്തോഷലാണ് ജനങ്ങള്‍. വൈദ്യുതീകരണ ജോലികള്‍ കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് പകുതിയോടെ പദ്ധതി കമ്മിഷന്‍ ചെയ്യാനുള്ള തീരുമാനത്തിലാണ് ജല അതോറിറ്റി. പഞ്ചായത്തിന്റെ മൂന്നിലൊന്ന് ഭാഗത്തേക്ക് ആദ്യഘട്ടത്തിലും 2030-ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുകയെന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ചെങ്കല്‍ പാറ നിറഞ്ഞതും ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നതുമായ പഞ്ചായത്തുകളില്‍ ഒന്നാണ് കോടോം ബേളൂര്‍. 105 പട്ടിക വര്‍ഗ കോളനികളിലടക്കം ജീവിക്കുന്ന 30000 ത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എല്‍.ഐ.സിയുടെ സഹായത്തോടെ ജല അതോറിറ്റി കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ എല്‍.ഐ.സിയുടെ ഫണ്ട് നിലച്ചതോടെ പദ്ധതി നിര്‍ത്തേണ്ടി വന്നു. പിന്നിട് 2009-ല്‍ സര്‍ക്കാര്‍ വീണ്ടും കനിഞ്ഞതോടെയാണ് പദ്ധതിക്ക് ജീവന്‍ വച്ചത്. തുടര്‍ന്ന് നിര്‍മ്മാണാനുമതി ലഭ്യമാക്കി പ്രവൃത്തി തുടങ്ങാന്‍ പിന്നെയും രണ്ടു വര്‍ഷമെടുത്തു. അതും കഴിഞ്ഞ് ആറുവര്‍ഷം പിന്നിടുമ്പോഴാണ് പണി പൂര്‍ത്തിയാക്കി പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ ഒരുങ്ങുന്നത്.

വര്‍ഷങ്ങള്‍ നീണ്ട പദ്ധതിയുടെ ചരിത്രം
സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നായ കോടോം ബേളൂരില്‍ 2001-ലാണ് എല്‍.ഐ.സിയുടെ സഹായത്തോടെ സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ 8.68 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. തുടര്‍ന്ന് അയറോട്ട് പാലപ്പുഴ രാമങ്കയം പുഴയോരത്ത് കിണറും പമ്പുഹൗസും, കോടോത്ത് മയില്‍പ്പാറയില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള സംഭരണി, പോര്‍ക്കളത്ത് രണ്ട് ലക്ഷം ലിറ്റര്‍ ശേഷിയുള്ള പമ്പ് ഹൗസ് അടക്കമുള്ള സംഭരണി എന്നിവ 44.28 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ കുടിവെള്ള പദ്ധതിക്കായി എല്‍.ഐ.സി. ഫണ്ട് അനുവദിക്കുന്നത് നിര്‍ത്തിയതോടെ പദ്ധതി ഇവിടം കൊണ്ട് നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 2009-ല്‍ മാന്ദ്യവിരുദ്ധ പാക്കേജില്‍ സാര്‍ക്ക് കുടിവെള്ള പദ്ധതിയില്‍ പെടുത്തി സര്‍ക്കാര്‍ 17 കോടി രൂപ അനുവദിച്ചതോടെയാണ് വീണ്ടും അനക്കം വച്ചത്. തുടര്‍ന്ന് 2011-ല്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണി പുനരാരംഭിച്ചു. എന്നാല്‍ പദ്ധതിക്കാവശ്യമായ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കാന്‍ തീരുമാനിച്ചെങ്കിലും അളന്നു തിട്ടപ്പെടുത്താനും മറ്റും റവന്യു വകുപ്പ് അധികൃതര്‍ വരുത്തിയ കാലതാമസം നിര്‍മ്മാണ ജോലികളെയടക്കം ബാധിച്ചു. ഇതോടെ പദ്ധതി വീണ്ടും നീണ്ടു. ഒടുവില്‍ ഇത്തരത്തിലുള്ള തടസ്സങ്ങളെല്ലാം പരിഹരിച്ചാണ് അടുത്തമാസം പദ്ധതി പ്രവര്‍ത്തനമാരംഭിക്കുന്നത്.

പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ആകെ ചെലവ്

പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി നടപ്പാക്കിയ കുടിവെള്ളപദ്ധതിക്ക് ആകെ ചെലവ് 176,278,000 രൂപയാണ്. ഇതില്‍ പദ്ധതിക്കായി എല്‍.ഐ.സി. വഴി ചെലവഴിച്ച 44,28,000 രൂപയും മാന്ദ്യ വിരുദ്ധ പാക്കേജില്‍ പെടുത്തി സാര്‍ക്ക് കുടിവെള്ള പദ്ധതി വഴി അനുവദിച്ച 17 കോടി രൂപയുമടക്കം 174,428,000 രൂപയാണ് ജല അതോറിറ്റി പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതി നടപ്പിലാക്കാനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നായിരുന്നു പഞ്ചായത്തുമായുള്ള ജല അതോറിറ്റിയുടെ കരാര്‍. ഇതിന്റെ ഭാഗമായി തടയണ പ്രദേശത്തടക്കം എട്ടു സോണുകളിലായി സംഭരണികള്‍, ശുദ്ധീകരണ പ്ലാന്റ്, പമ്പ് ഹൗസുകള്‍ തുടങ്ങിയവ സ്ഥാപിക്കാനുള്ള 1.07 ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തികളില്‍ നിന്നും പഞ്ചായത്ത് ഏറ്റെടുത്ത് ജല അതോറിറ്റിക്ക് കൈമാറി. ഇതില്‍ പോര്‍ക്കളം, അയ്യങ്കാവ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിച്ചു. എണ്ണപ്പാറയില്‍ റവന്യു ഭൂമിയും വിട്ടുകിട്ടി. ബാക്കിയുള്ള സ്ഥലത്തിനായി 1,85,0000 രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. ഇതു കൂടാതെ നിലവില്‍ 31 ലക്ഷം രൂപ കോളനികളിലടക്കം കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാനായും നീക്കിവച്ചിട്ടുണ്ട്.

പദ്ധതിക്കായി വെള്ളം സംഭരിക്കുന്നത് രാമങ്കയത്ത്

പദ്ധതിയുടെ ഭാഗമായി കുടിവെള്ളം സംഭരിക്കാന്‍ ചന്ദ്രഗിരിപ്പുഴയില്‍ അയറോട്ട് പാലപ്പുഴ രാമങ്കയത്താണ് തടയണ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് ഷട്ടറുകളോട് കൂടി ആധുനിക സംവിധാനങ്ങളോടെയുള്ള തടയണയ്ക്ക് 3.02 മീറ്റര്‍ ഉയരവും 80 മീറ്റര്‍ നീളവുമാണുള്ളത്. ഉയര്‍ത്തി വയ്ക്കാനും താഴ്ത്താനും കഴിയുന്ന തരത്തിലുള്ളവയാണ് ഷട്ടറുകള്‍. അതുകൊണ്ട് തന്നെ മഴക്കാലത്ത് കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നതനുസരിച്ച് ഷട്ടര്‍ തുറന്നാല്‍ തടയണ പ്രദേശത്ത് പരിധിയില്‍ കൂടുതല്‍ വെള്ളമുയരില്ല. വേനല്‍ക്കാലത്ത് ഷട്ടറടച്ച് ആവശ്യത്തിനുള്ള വെള്ളം സംഭരിക്കാനും സാധിക്കും. നിലവില്‍ തടയണ പ്രദേശത്ത് കിണറും പമ്പ് ഹൗസും വെള്ളം പമ്പ് ചെയ്യാനുള്ള 125 കുതിര ശക്തിയുള്ള കൂറ്റന്‍ മോട്ടോറും സ്ഥാപിച്ചു കഴിഞ്ഞു. വൈദ്യൂതീകരണ ജോലികളും പൂര്‍ത്തിയായി വരുന്നു. തടയണയില്‍ വെള്ളം സംഭരിച്ച് ശുദ്ധീകരണ പ്ലാന്റില്‍ എത്തിക്കാനുള്ള വലിയ പൈപ്പകളും ഒരുക്കി കളിഞ്ഞു. ജല ആതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രവൃത്തിക്കുന്ന മുന്നാട് കുടിവെള്ള പദ്ധതിക്കും ഇവിടെ നിന്നാണ് വെള്ളമെത്തിക്കുന്നത്.

കുടിവെള്ള ശുദ്ധീകരണവും വിതരണവും

തടയണ പ്രദേശത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലത്തിലാണ് കൂറ്റന്‍ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം മൂന്ന് ദശലക്ഷം ലിറ്റര്‍ ശുദ്ധികരണ ശേഷിയുള്ള പ്ലാന്റാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുടിവെളള വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ സുരക്ഷയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശുദ്ധജല പരിശോധന നടത്താന്‍ കഴിയുന്ന ലാബ് സൗകര്യത്തോടെയായിരിക്കും പ്ലാന്റിന്റെ പ്രവൃത്തനം. ആദ്യഘട്ടത്തില്‍ ശുദ്ധീകരിക്കുന്ന വെളളത്തിന്റെ 30 ശതമാനം വരെ മാത്രമെ വിതരണം ചെയ്യേണ്ടി വരികയുള്ളു. കണക്ഷന്‍ കൂടുന്നതനുസരിച്ച് വിതരണത്തിന്റെ അളവും വര്‍ധിക്കും. പ്ലാന്റില്‍ നിന്നും ശുദ്ധികരിക്കുന്ന കുടിവെള്ളം കോടോത്ത് മയില്‍പ്പാറയിലുള്ള സംഭരണിയിലെത്തിക്കും. ഇവിടെ നിന്നും പ്രദേശത്തേക്കുള്ള പൊതു കണക്ഷന്‍ നല്‍കുന്നതിനൊപ്പം കിലോമീറ്ററുകള്‍ അകലെയുള്ള പോര്‍ക്കളം സംഭരണിയിലെത്തിക്കും. ഇവിടെ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസില്‍ നിന്നും മുക്കുഴിയില്‍ സ്ഥാപിച്ച രണ്ടു സംഭരണികളിലേക്ക് വെള്ളം പമ്പ് ചെയ്യും. തടര്‍ന്ന് പൈപ്പ് ലൈനിലൂടെ എണ്ണപ്പാറ, അയ്യങ്കാവ് എന്നിവിടങ്ങളിലെ സംഭരണികളിലേക്ക് വെള്ളമെത്തിച്ചായിരിക്കും വിതരണം.

പൈപ്പ് ലൈന്‍ കടന്നു പോകുന്നത് 103 കിലോമീറ്റര്‍ ദൂരം

പദ്ധതിക്കായി 103 കിലോമീറ്റര്‍ ദൂരമാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി ആദ്യഘട്ടത്തില്‍ പൊതു ഇടങ്ങളില്‍ 204 ടാപ്പുകളിലൂടെ വെള്ളമെത്തിക്കും. പൊതുസ്ഥാപനങ്ങള്‍, അങ്കണവാടികള്‍, ടൗണുകള്‍, പട്ടിക ജാതി-പട്ടിക വര്‍ഗ കോളനികള്‍ തുടങ്ങിയവയ്ക്കാണ് പ്രഥമ പരിഗണന. കൂടാതെ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ 90 മീറ്റര്‍ ചുറ്റളവിലുള്ള കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കും. ഇതിനുള്ള ചെലവിലേക്ക് കുടുംബത്തിന്റെ വിഹിതമായി പരമാവധി 15000 രൂപ ജല അതോറിറ്റിക്ക് നല്‍കണം. ഇത്തരത്തില്‍ പൊതു-സ്വകാര്യ വിഭാഗങ്ങളിലായി 2000 കണക്ഷനെങ്കിലും തുടക്കത്തില്‍ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് -ജല അതോറിറ്റി വിഭാഗങ്ങള്‍. കൂടാതെ കുടിവെള്ള വിതരണത്തിനായി പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തി 31 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. ഇവയുടെ അടങ്കലും തയ്യാറായി വരുന്നു. ഇത്തരം പ്രദേശങ്ങളിലും മാര്‍ച്ച് മാസത്തില്‍ തന്നെ കണക്ഷന്‍ നല്‍കാനുള്ള ശ്രമവും ആരംഭിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമാകും മുന്‍പ് തന്നെ കൂടുതല്‍ തുക വകയിരുത്തി പരമാവധി കുടുംബങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത് ഭരണ സമിതി. നിലവില്‍ പൈപ്പ് ലൈന്‍ കടന്നുപോകാത്ത ഭാഗങ്ങളില്‍ കൂടി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഏഴു കോടി രൂപ ചെലവു വരുമെന്നാണ് കരുതുന്നത്. ഇതിനുള്ള തുക സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കും.

പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കും

തടയണയുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി മഴക്കാലത്ത് പദ്ധതി പ്രദേശത്തെ ഇരുകരകളിലും മണ്ണിടിച്ചല്‍ ഉണ്ടാവുകയും വ്യാപക കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇരുകരകളിലും സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പുലിക്കോട് ഭാഗത്തെ നിര്‍മ്മാണം പൂര്‍ത്തിയായി. എന്നാല്‍ പാലപ്പുഴ പ്രദേശത്തെ പുഴയോരത്ത് ഇനിയും 60 മീറ്ററോളം ഭാഗത്ത് സംരക്ഷണ ഭിത്തി സ്ഥാപിച്ചിട്ടില്ല. കൂടാതെ കനത്ത മഴയില്‍ ഒഴുകി വരുന്ന മരങ്ങളടക്കമുള്ള മാലിന്യങ്ങള്‍ നിലവില്‍ നിര്‍മ്മിച്ചിട്ടുള്ള ഷട്ടര്‍ വഴി ഒഴുകി പോകുമോയെന്ന ആശങ്കയും പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നു. ഈ ആവശ്യങ്ങളൊക്കെ പഠന വിധേയമാക്കി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാമെന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ജല അതോറിറ്റി എക്‌സി. എന്‍ജിനീയര്‍ ഉറപ്പ് നല്‍കി. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചതെങ്കിലും പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെയാണ് കാരാറുകാരുമായുള്ള എഗ്രിമെന്റ് നടപ്പാവുകയെന്നും പൈപ്പ് ലൈനില്‍ തകരാര്‍ സംഭവിച്ചാല്‍ ഒരു വര്‍ഷം വരെ കരാറുകാര്‍ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നടപടികള്‍ക്ക് വേഗം കൂട്ടിയത് പുതിയ ഭരണ സമിതി

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം കുടിവെള്ള പദ്ധതി നീളുന്നത് ചര്‍ച്ചയായതോടെ പുതിയ ഭരണസമിതി ശക്തമായ ഇടപെടലുകള്‍ നടത്തിയതോടെയാണ് പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയും വിധം വൈദ്യുതീകരണമടക്കമുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കിയത്. രണ്ടു വര്‍ഷക്കാലമായി വേനല്‍ കാലത്ത് വലിയ തുകതന്നെ കുടിവെള്ളത്തിനായി പണ്‍ായത്തിന് ചെലവഴിക്കേണ്ടി വന്നിരുന്നു. കൂടാതെ അനുമതിയില്ലാതെ കുഴല്‍ കിണര്‍ നിര്‍മ്മാണം വ്യാപകമാവുകയും ചെയ്തതോടെ ഭൂജലവും അനിയന്ത്രിതമായി താഴാന്‍ തുടങ്ങിയതാണ് ഏതുവിധേനയും കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്ത് ഭരമ സമിതി കര്‍ശന നിലപാടെയുത്തത്. ഇതിനായി മന്ത്രിതലത്തിലടക്കം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. കൂടാതെ ജല അതോറിറ്റിയുടെ സഹകരണം ഉറപ്പാക്കി എക്‌സി. എന്‍ജിനീയറടക്കം പങ്കെടുപ്പിച്ച് പഞ്ചായത്തില്‍ യോഗവും വിളിച്ചു ചേര്‍ത്താണ് മാര്‍ച്ച് മാസത്തില്‍ തന്നെ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ചത്.



ശിവന്‍ പൂടംകല്ല്

Leave a Reply