രാജപുരം: സെയ്ന്റ് പയസ് ടെന്‍ത് കോളേജിന്റെ ആഭിമുഖ്യത്തില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന രാജ്യാന്തര വെബിനാര്‍ പരമ്പരയുടെ നാലാമത്തെ ദിവസം ആശയസമ്പുഷ്ടമാക്കിക്കൊണ്ട് സാമ്പത്തിക ശാസ്ത്ര വിഷയത്തിലും സ്ത്രീസൗഹൃദ വികസന വിഷയത്തിലും വെബിനാര്‍ നടന്നു. ‘ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണ വ്യവസായത്തിന്റെ പുരോഗതിയും ആഫ്രിക്കയില്‍ അതിന്റെ വിവക്ഷകളും’ എന്ന വിഷയം മാന്‍ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഡവലപ്പമെന്റ് സ്റ്റഡീസിലെ സീനിയര്‍ ലക്ചറര്‍ ഡോ. റോറി ഹോണര്‍ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം സാമൂഹിക വികസനത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് എന്ന വിഷയത്തെ അധികരിച്ച് നിഷ ജോസ് പ്രബന്ധം അവതരിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറിലധികം സാമ്പത്തിക വിദഗ്ദരും, ഗവേഷകരും, വ്യവസായ പ്രമുഖരും, വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ബിജു ജോസഫ്, ഡോ.ജിജികുമാരി, ജോബി തോമസ്, ഡോ.ജസ്റ്റിന്‍ ജോയ്, അനു ജോസ്, അമല ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഇന്ന് നടക്കുന്ന വെബിനാറുകളില്‍ സ്വീഡനിലെ ഉഫ്‌സല സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ ഹിമാന്‍ഷു മിശ്ര, ചെക്ക് റിപ്പബ്ലിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗാനിക് കെമിസ്ട്രി പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ ദേവരാജ് ഗംഗോപാധ്യായ, അയര്‍ലന്‍ഡ് ഏണസ്റ്റ് & യങ് ഉദ്യോഗസ്ഥന്‍ ഡിജോ ജോസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ആനുകാലിക വിഷയങ്ങളെ അധികരിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി പ്രശസ്ത തിരക്കഥാകൃത്ത് ബോബി-സഞ്ജയ് വിദ്യാര്‍ത്ഥികളോടും ഗവേഷകരോടും സംവദിക്കും.