ജോലി സ്ഥലത്ത് നിന്നും പക്ഷാഘാതം വന്ന് ശരീരം തളര്‍ന്ന പ്രവാസി യുവാവ് ചികിത്സാ സഹായം തേടുന്നു.

രാജപുരം: ജോലി സ്ഥലത്ത് നിന്നും പക്ഷാഘാതം വന്ന് ശരീരം തളര്‍ന്ന പ്രവാസി യുവാവ് ചികിത്സാ സഹായം തേടുന്നു. ചെറുപനത്തടി കോലടുക്കത്തെ രാഘവന്‍ ആചാരിയുടെ മകന്‍ കെ.സത്യന്‍ (40) ആണ് ചികിത്സ നടത്താന്‍ പണമില്ലാതെ ഉദാരമതികളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്. യുഎഇ യിലെ ഒരു കമ്പനിയില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന സത്യന് ഒരു വര്‍ഷം മുന്‍പാണ് ഉറക്കത്തിനിടെ പക്ഷാഘാതം വന്ന് ഒരുവശം തളര്‍ന്നത്. തുടര്‍ന്ന് സംസാരശേഷിയും നഷ്ടപ്പെട്ടു. കോവിഡ് കാലമായതിനാല്‍ വിദേശത്ത് വിദഗ്ധ ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് സുഹൃത്തുക്കളും , ബന്ധുക്കളും ചേര്‍ന്ന് സത്യനെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും രോഗം ഭേദമായില്ല. തന്റെ സമ്പാദ്യവും, ഉദാരമതികളുടെ സഹായവും ചേര്‍ത്ത് 8 ലക്ഷം രൂപ ഇതിനോടകം ചികിത്സയ്ക്കായി ചെലവഴിച്ചു. കൂടുതല്‍ വിദഗ്ധ ചികിത്സ നല്‍കിയാല്‍ സത്യനെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി സത്യന്‍ വയനാട് ആംസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. 50,000 രൂപ വില വരുന്ന 6 കുത്തിവയ്പുകള്‍ നടത്തിയാല്‍ തളര്‍ന്നു പോയ ഭാഗം പുര്‍വ സ്ഥിതിയിലാക്കാമെന്ന് ഡോക്ടര്‍ പറയുന്നു. ശേഷം തലയില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യാന്‍ ഒരു ശസ്ത്രക്രിയ കൂടി നടത്തണം. ഇതിനെല്ലാം ചേര്‍ന്ന് 10 ലക്ഷം രൂപ ചെലവ് വരും. എന്നാല്‍ ഇത് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഭാര്യയും പിഞ്ചു കുട്ടിയും അച്ഛനും അമ്മയും അടങ്ങുന്നതാണ് സത്യന്റെ കുടുംബം. അച്ഛന്‍ കുലിവേല ചെയ്ത് കിട്ടുന്നതാണ് കുടുംബത്തിന്റെ ആകെയുള്ള വരുമാനം. സത്യന്റെ ചികിത്സയ്ക്കായി പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ചെയര്‍മാനായും, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍ വര്‍ക്കിംഗ് ചെയര്‍മാനായും, വാര്‍ഡംഗം എന്‍.വിന്‍സെന്റ് കണ്‍വീനറായും സത്വന്‍ കോലടുക്കം ചികിത്സ ധനസഹായ കമ്മിറ്റി രൂപീകരിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് പനത്തടി ശാഖയില്‍ 40416101043181 (ഐ.എഫ്.എസ്.സി കോഡ് KLGBH0040416) നമ്പറായി അക്കൗണ്ട് ആരംഭിച്ചതായി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ പി.രാജന്‍, വാര്‍ഡംഗം എം.വിന്‍സന്റ്, പഞ്ചായത്തംഗം കെ.കെ. വേണുഗോപാല്‍, പി.എ.മുഹമ്മദ് കുഞ്ഞി, എന്‍. രാഘവന്‍, എം.ഷെരീഫ് എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9946270716

Leave a Reply