- രാജപുരം: മലയോരത്തിന് വെളിച്ചം പകരാന്‍ റാണീപുരം പുളിംകൊച്ചി മിനി ജല വൈദ്യുത പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഇതിന്റെ പ്രാരംഭ ചെലവിലേക്കായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ നീക്കിവച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മീന്‍വല്ലം ജലവൈദ്യുത പദ്ധതിയുടെ എം.ഡിയും വിദഗ്ധസംഘവും അടുത്ത ദിവസം പുളിംകൊച്ചി സന്ദര്‍ശിക്കും. വൈദ്യുതി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലാ പഞ്ചായത്തിന്റെയും വൈദ്യുതി വകുപ്പിന്റെയും നേതൃത്വത്തില്‍ ഒരു വര്‍ഷം മുന്‍പാണ് സ്ഥല പരിശോധന നടത്തി വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) തയ്യാറാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഡി.പി.ആര്‍. അനുകൂലമായതോടെ ജില്ലാപഞ്ചായത്ത് ഭരണസമിതി ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിക്കായി തുക വകയിരുത്തുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും സ്വകാര്യ പങ്കാളിത്തവും ഉറപ്പാക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കമ്പനി രൂപവത്കരിച്ചായിരിക്കും ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി നടപ്പാക്കുക. 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത്, പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന പനത്തടി പഞ്ചായത്ത് എന്നിവയുടെ സഹകരണവും ഉറപ്പാക്കും. പ്രതിവര്‍ഷം 65-ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇവിടെ നിന്നുകഴിയുമെന്നാണ് വൈദ്യുതി വകുപ്പ് പ്രതീക്ഷിക്കുന്നത്. റാണിപുരം മല മുകളില്‍ നിന്നും കടമല, പെരുതടി തോടുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ ഒരു കിലോമീറ്റര്‍ ദൂരം കനാല്‍ നിര്‍മ്മിച്ച് പെരുതടിയില്‍ സംഭരിക്കും. തുടര്‍ന്ന് ഇവിടെ നിന്നും റാണിപുരം റോഡിനു സമീപം സ്ഥാപിക്കുന്ന സംഭരണിയിലേക്കെത്തിച്ച് വൈദ്യുതി ഉത്പാദനം നടത്താന്‍ കഴിയും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെ ചെറുപനത്തടിയില്‍ സ്ഥാപിക്കുന്ന പവര്‍സ്റ്റേഷനിലെത്തിച്ച് വിതരണം ചെയ്യും. ഇതിനായി ഏഴര ഹെക്ടര്‍ സ്ഥലം മാത്രമാണ് ആവശ്യമായി വരിക. ജനകീയ സഹകരണത്തോടെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.