രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികില്‍സ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നിവേദക സംഘത്തിന് ഉറപ്പ് നല്‍കി. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ആവശ്യമായ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനെ തുടര്‍ന്ന് സി പിഎം പനത്തടി ഏരിയ സെക്രട്ടറി എം.വി കൃഷ്ണന്റെ നേതൃത്വത്തില്‍ മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്. പ്രസവ ചികില്‍സ ആരംഭിക്കുന്നതിനുള്ള ഭൗതിക സൗകര്യം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനം ഒന്നര വര്‍ഷം മുമ്പ് ആരംഭിച്ചെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതോടൊപ്പം ഗൈനക്കോളജി ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. പോസ്റ്റ് മോര്‍ട്ട സൗകര്യങ്ങളും മോര്‍ച്ചറിയും ഇല്ല. ആവശ്യമായ എല്ലാ സൗകര്യവും താലൂക്ക് ആശുപത്രിയില്‍ ഉറപ്പ് വരുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണന്‍, ഏരിയ കമ്മിറ്റിയംഗം ഷാലുമാത്യു, ലോക്കല്‍ സെക്രട്ടറി എ.കെ.രാജേന്ദ്രന്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ടി.രത്നാകരന്‍, ഇര്‍ഷാദ് കൊട്ടോടി, ഇ.രാജി, ബ്രാഞ്ച് സെക്രട്ടറി റോളന്റ് മാത്യു എന്നിവര്‍ പങ്കെടുത്തു.