രാജപുരം: ജലസംരക്ഷണത്തിനുളള നവീന മാതൃകയായ ദക്ഷിണേന്ത്യയിലെ ആദ്യത്തെ റബർ ചെക്ക്ഡാം പനത്തടി പഞ്ചായത്തിലെ മാനടുക്കം എരിഞ്ഞിലംകോട് തിമ്മംചാലിൽ നിർമാണം പൂർത്തിയായി. കാസർഗോഡ് വികസന പാക്കേജിൽ 48 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടന്നത്. ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ നിർമാണമാണിത്. കട്ടികൂടിയ റബർ ഷീറ്റ് കോണ്‍ക്രീറ്റിൽ ഘടിപ്പിച്ച് അതിലേക്ക് ജലം പന്പ് ചെയ്തു നിറച്ചാണ് തടയണയാക്കി ജലം സംഭരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഈ പ്രക്രിയ പൂർത്തിയാകുമെന്നതിനാൽ ജലസംഭരണം വളരെ കുറഞ്ഞ സമയംകൊണ്ട് സാധ്യമാകും. റബർ ഷീറ്റിലുള്ള ജലം പുറത്തേക്ക് ഒഴുക്കിവിട്ടുകഴിഞ്ഞാൽ പുഴയിലെ ഒഴുക്ക് സാധാരണ നിലയിലാകും. ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ സാങ്കേതിക സഹായത്തോടെ ചെറുകിട ജലസേചന വകുപ്പാണ് നിർമാണം നടത്തിയത്.
വളരെ പെട്ടെന്നുതന്നെ വെള്ളം തടഞ്ഞുനിർത്താനാകും എന്നുള്ളതും ഡാമിൽ ചെളിയും മണലും അടിഞ്ഞുകൂടില്ല എന്നുള്ളതും വളരെ പെട്ടെന്നും കുറഞ്ഞ ചെലവിലും നിർമാണം പൂർത്തിയാക്കാനാകും എന്നുള്ളതുമാണ് ഇതിന്റെ പ്രത്യേകത. ചെറുകിട ജലസേചന വിഭാഗം എക്സി. എൻജിനിയർ പി.ടി. സഞ്ജീവ്, അസി.എക്സി.എൻജിനിയർ സുധാകരൻ, അസി. എൻജിനിയർ അഖിൽ മധുസൂദനൻ എന്നിവരാണ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്.