ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീണ് മത്സ്യക്കച്ചവടക്കാരനു പരിക്ക്.
രാജപുരം: കനത്ത മഴയിൽ റോഡിൽ രൂപപ്പെട്ട കുഴിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യ കച്ചവടക്കാരന് പരിക്ക്. പനത്തടി പഞ്ചായത്തിലെ കോളിച്ചാൽ -കൊളപ്പുറം റോഡിലാണ് അപകടം നടന്നത്. മത്സ്യ കച്ചവടത്തിന് പോകുകയായിരുന്ന വിത്തുകളം കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ റിറ്റോ തോമസ് (32) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലാണ് റോഡിൽ ഉറവ പൊട്ടി കുഴി രൂപപ്പെട്ടത്.പഞ്ചായത്ത് അംഗം എൻ.വിൻസെന്റ് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് വലിയ വാഹനങ്ങൾ ഇതുവഴി പോകുന്നത് ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.