ഒടയംചാല്‍: എടത്തോടിനും പരപ്പക്കുമിടയില്‍ റോഡിലേക്ക് കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് മലയോര മേഖലയില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. വൈദ്യുതിയും താറുമാറായി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഒടയംഞ്ചാല്‍ വെള്ളരിക്കുണ്ട് റോഡില്‍ പരപ്പക്കും എടത്തോടിനും മദ്ധ്യേ വലിയ മുറ്റം പ്രദേശത്ത് ആശാരി നാരായണന്‍ എന്നവരുടെ വീടിന് സമീപത്ത് റോഡരികിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള വലിയ ആല്‍മരമാണ് കടപുഴകി വീണത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ വെള്ളം ഭൂമിയിലേക്ക് ഇറങ്ങിയതാണ് ആല്‍ മരം കടപുഴകി വീഴാന്‍ കാരണം. രാവിലെ പ്രാര്‍ത്ഥനക്ക് പള്ളികളില്‍ എത്തിയ എടത്തോട് പരപ്പ നിവാസികളായ നിരവധി പേര്‍ മരം വീണ വിവരമറിഞ്ഞ് സ്ഥലത്തെത്തി.. കൂറ്റന്‍ മരമായത് കൊണ്ട് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് പോലീസ് ട്ടീമും നാട്ടുകാരും ഏറെ പണിപ്പെട്ടാല്‍ മാത്രമേ ഇന്നുച്ചയോടെ ഗതാഗതം പുനരാരംഭിക്കാന്‍ സാധ്യതയുള്ളൂ. ഇലക്ട്രിക് പോസ്റ്റും തകര്‍ന്നതിനാല്‍ ഗതാഗതത്തിനൊപ്പം വൈദ്യുതി വിതരണവും താറുമാറായ അവസ്ഥയിലാണ്.
റാഷിദ് എടത്തോട്