രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ പുതിയതായി മെക്കാഡം ടാറിങ്ങിനായി ഡിപിആര്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന റോഡില്‍ നിരന്തരം അപകടം സംഭവിച്ചു കൊണ്ടിരിക്കുന്ന വണ്ണാത്തികാനം വളവ് നിവര്‍ത്താനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഡിപിആര്‍ തയ്യാറാക്കുമ്പോള്‍ തന്നെ ഉണ്ടാകണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഈ വളവിന് അടുത്ത് താമസിക്കുന്നവര്‍ മിക്കദിവസങ്ങളിലും രാത്രിയില്‍ അപകടം ഉണ്ടാകാറുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നു. അപകടത്തില്‍ പെടുന്നവര്‍ക്ക് ഈ വളവിന് സമീപത്തുതന്നെ താമസിക്കുന്ന മാധവനും കുടുംബവുമാണ് പ്രഥമശുശ്രൂഷകള്‍ നല്കി ആശുപത്രിയിലേക്ക് വിടുന്നത്. മുമ്പ് ഇവിടെ അപകടത്തില്‍പ്പെട്ട മരണംപോലും സംഭവിച്ചിട്ടുള്ളതായി ഇവര്‍ പറഞ്ഞു. മാധവനും, കളര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും വളവിലെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ചു നേരത്തെ അധികൃതര്‍ക്ക് നിവേദനം നല്‍കിയതാണ്. എന്നാല്‍ ഈ നിവേദനം അധികൃതര്‍ കാര്യമാക്കി എടുത്തില്ല എന്ന ഇവര്‍ക്ക് പരാതിയുണ്ട്. നിരന്തരം അപകടം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ വളവ് നിവര്‍ത്താന്‍ ഉള്ള നടപടി പൊതുമരാമത്ത് വകുപ്പിന് ഭാഗത്തുനിന്നും ഉണ്ടാകണം.