രാജപുരം : ഇക്കഴിഞ്ഞ ജൂലൈ 31ന് പുലർച്ചെ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ സമാനതകൾ ഇല്ലാത്ത ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ കോളിച്ചാലിലെ ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്തിറങ്ങി.
മലയോര ഹൈവേയുടെയും സംസ്ഥാന ഹൈവേയുടെയും സംഗമ ഭൂമിയായ കോളിച്ചാൽ ടൗണിലെ 46 ഓളം ഓട്ടോറിക്ഷ തൊഴിലാളികളാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്.
ഇന്ന് രാവിലെ ആദ്യ യാത്ര നടത്തി കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കെ നാരായണൻ ഉദ്ഘാടനം ചെയ്തു.
മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് സ്റ്റാൻഡിലെ മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികളും ഇന്ന് (2024 ഓഗസ്റ്റ് 17 ശനി) സർവീസ് നടത്താൻ തീരുമാനിക്കുകയായിരുന്നു.
സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രസിഡണ്ട് വിൽസൺ കോമത്ത് , സെക്രട്ടറി വിനോദ് കോഴിച്ചിറ്റ എന്നിവർ നേതൃത്വം നൽകി.