രാജപുരം: നാടിനെ അറിഞ്ഞും ഗ്രാമത്തിന്റെ സാമൂഹിക സാഹചര്യങ്ങളും വികസന സാധ്യതകളും നേരിട്ട് മനസിലാക്കിയും കേരള കേന്ദ സർവകലാശാല വിദ്യാർത്ഥികൾ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിലെ പ്രാന്തർകാവിൽ നടക്കുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് വിദ്യാർഥികൾക്ക് പകർന്നത് പുതിയ അറിവുകളും അനുഭവങ്ങളുമായിരുന്നു. ഒക്ടോബർ 10ന് പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ക്യാംപ് ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന സൗകര്യം, സമൂഹത്തിന്റെ ഉന്നമനത്തിനായി സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകൾ തുടങ്ങിയവ മനസിലാക്കുകയാണ് ക്യാംപിന്റെ ലക്ഷ്യം. ഇതിനായി വീടുകൾ സന്ദർശിച്ചും നാട്ടുകാരുമായി ആശയവിനിമയം നടത്തിയും വിവരശേഖരണം നടത്തി. പ്രദേശവാസികളുടെ സഹകരണത്തോടെ റിസോഴ്സ് മാപ്പിങ് സംഘടിപ്പിച്ചു. മാവിലൻ, മലവേട്ടുവൻ സമൂഹങ്ങൾക്കിടയിലെ ജീവിതസാഹചര്യങ്ങളും പ്രശ്നങ്ങളും നേരിട്ട് മനസിലാക്കി. പ്രാന്തർകാവ് ഗവൺമെന്റ് യു.പി. സ്കൂളിലെ പച്ചക്കറിത്തോട്ടം പരിപാലിക്കുകയും കൂടുതൽ പച്ചക്കറികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. സ്കൂൾ ലൈബ്രറി നവീകരിക്കുന്നതിന്റെ ഭാഗമായി നൂറിലധികം പുസ്തകങ്ങൾ ശേഖരിച്ചതായി ക്യാമ്പ് കോഓർഡിനേറ്റർ പ്രഫ.ഡോ.രാജേന്ദ്ര ബൈക്കാഡിയ, സ്റ്റുഡന്റ് ക്യാമ്പ് കോഓർഡിനേറ്റർമാരായ അലൻ എസ്.ഏബ്രഹാം, ശ്രീരജ എന്നിവർ പറഞ്ഞു. വൈസ് ചാൻസലർ പ്രഫ.സിദ്ദു പി.അൽഗുർ, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഇൻ ചാർജ് പ്രഫ.-സുധിഷ ജോഗയ്യ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
