രാജപുരം : കാട്ടാന ശല്യം രൂക്ഷമായ റാണിപുരത്ത് പ്രതിരോധ നടപടികൾ ആസുത്രണം ചെയ്യാൻ ജില്ലാ കലക്ടർ കെ.ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ യോഗം ചെർന്നു. പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. ഡിഎഫഒ കെ.അഷറഫ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.പി. ശ്രീജിത്ത്, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി.സേസപ്പ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, രാജപുരം എസ് ഐ കെ.മുരളീധരൻ, പനത്തടി വില്ലേജ് ഓഫിസർ വിനോദ് ജോസ്, സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ്, പഞ്ചായത്തംഗങ്ങളായ കെ.ജെ. ജയിംസ്, രാധാസുകുമാരൻ, എൻ.വിൻസെൻ്റ്, വി.ആർ.ബിജു, സജിനി മോൾ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പ, റാണിപുരം, ഓട്ടമല വന സംരക്ഷണ സമിതി പ്രസിഡൻ്റുമാർ, കർഷകർ, റിസോർട്ട് ഉടമകൾ തുടങ്ങിയവർ സംബന്ധിച്ചു. കർഷകർ തങ്ങളുടെ പ്രശ്നങ്ങൾ കലക്ടറുടെ മുൻപാകെ അവതരിപ്പിച്ചു. കൃഷിനാശമുണ്ടാകുമ്പോൾ കർഷകന് വനം വകുപ്പ് നൽകുന്ന തുഛമായ തുകയല്ല യഥാർഥ പരിഹാരമെന്ന് പനത്തടി പഞ്ചായത്തംഗം കെ.ജെ. ജയിംസ് പറഞ്ഞു. കാട്ടാനകൾ നാട്ടിലിറങ്ങാതിരിക്കാനുള്ള കൃത്യമായ പ്രതിരോധ നടപടികളാണ് വേണ്ടതെന്ന് കർഷകർ ആവശ്യപ്പെട്ടു. നബാർഡ് പദ്ധതിയിൽ ജില്ലയ്ക്ക് അനുവദിച്ച 32 കിലോമീറ്റർ തുക്കു വേലിയിൽ പനത്തടി പഞ്ചായത്തിൽ അനുവദിച്ച 17 കിലോമീറ്റർ ദൂരം എത്രയും പെട്ടെന്ന് നിർമാണം ആരംഭിക്കും. റാണിപുരത്ത് ഒരു മാസത്തിനകം സോളർ വഴിവിളക്ക് സ്ഥാപിക്കും. നിലവിൽ തകരാറിലായി കിടക്കുന്ന സോളാർ വേലികൾ അറ്റകുറ്റപ്പണികൾ നടത്തും. കാട്ടാന ശല്യം റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളെ ബാധിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ പരിയാരത്തും യോഗം ചേർന്നു.