ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ശുചിത്വ മിഷന്‍ ജില്ലാ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ സി.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു

രാജപുരം: മനുഷ്യനെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ രോഗത്തിന്റെ പ്രധാന കാരണമായ പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ തുടച്ച് നീക്കുക എന്ന സാമുഹ്യ പ്രതിബന്ധതയില്‍ ഊന്നിയ ദൗത്യം ഏറ്റെടുത്തു നടത്തുകയാണ് ഭൂമിയുടെ കൂട്ടുകാര്‍ എന്ന സംഘടന.
കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിഡ് ചിറമ്മല്‍ പ്ലാസ്റ്റിക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ആഹ്വാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കാസര്‍ഗട്ടെ ചെറുപ്പക്കാര്‍ ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സേവന സന്നദ്ധരായ ഒരു പറ്റം യുവതീയുവാക്കളാണ് ക്യാന്‍സറിനും പ്ലാസ്റ്റിക്കിനും എതിരെ ചാലഞ്ച് ക്യാന്‍സര്‍ ചാലഞ്ച് പ്ലാസ്റ്റിക്‌ബോട്ടില്‍ എന്ന സന്ദേശമുയര്‍ത്തുന്ന ദൗത്യത്തിന് പിന്നില്‍ അണിനിരക്കുന്നത്.
രാജന്‍.വി.ബാലൂര്‍ ജില്ലാ കോഡിനേറ്ററും രതീഷ് അമ്പലത്തറ അസിസ്റ്റന്റ് കോഡിനേറ്ററുമായ ഭൂമിയുടെ കൂട്ടുകാര്‍ എന്ന കൂട്ടായ്മയില്‍
സന്തോഷ് ഒടയംചാല്‍, ജിജു പടന്നക്കാട്, ജയേഷ് ഇടത്തോട്, ചന്ദ്രു വെള്ളരിക്കുണ്ട്, ശ്രീനാഥ് ചീമേനി,സലാം കേരള, ഗൗതം കാസര്‍ഗോഡ്, ശരണ്യ ശങ്കര്‍ എന്നിവര്‍ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സബ് കോഡിനേറ്റര്‍മാരായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു
ഇവരുടെ പ്രവര്‍ത്തനങ്ങളുടെ നന്മയും ലക്ഷ്യവും തിരിച്ചറിഞ്ഞ ജില്ലാ ശുചിത്വമിഷന്‍ ഈ സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു കഴിഞ്ഞു.
ആദ്യഘട്ട പ്രവര്‍ത്തനം എന്ന നിലയില്‍ പ്ലാസ്റ്റിക് ബോട്ടിലുകളാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നത്, ഇതിനായി സ്‌ക്കൂള്‍, ക്ലബ്ബുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണം തേടും. ഇതിന്റെ ഭാഗമായി ഇതിനോടകം ജില്ലയിലെ വിവിധ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ മുഖേന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കുട്ടികള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ സ്‌ക്കൂളില്‍ സജ്ജീകരിച്ച പ്രത്യേക ഇടങ്ങളില്‍ ശേഖരിച്ച് വയ്ക്കുകയും അവ ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഭൂമിയുടെ കുട്ടുകാര്‍ പ്രവര്‍ത്തകര്‍ വാഹനവുമായി വന്ന് ശേഖരിക്കുകയും അവ സ്‌ക്രാപ്പ് മര്‍ച്ചന്റ് പ്രവര്‍ത്തകര്‍ക്ക് കൈമാറുകയുമാണ് ചെയ്യുക. ഭൂമിയുടെ കൂട്ടുകാരില്‍ നിന്നും ശേഖരിക്കുന്ന വലിയ അളവിലുള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍ സ്‌ക്രാപ്പ് വ്യാപാരികള്‍ പ്ലാസ്റ്റിക് റീസൈക്കിളിംഗ് കേന്ദ്രത്തിലെത്തിക്കുന്നു.
നമുക്ക് ചുറ്റുമുള്ള ഇരുനൂറ് പേരില്‍ ഇരുപത് പേര്‍ ക്യാന്‍സര്‍ രോഗികളാണെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് ക്യാന്‍സറിനെതിരെ പോരാടുവാന്‍ പ്ലാസ്റ്റിക്കിനെ തുരത്തുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാന്‍ ഈ കൂട്ടായ്മയെ പ്രേരിപ്പിച്ചത്.
ആദ്യ ഘട്ടമെന്ന നിലയില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ മാത്രമാണ് സംഘടനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നത്, ഇതിന്റെ ജില്ലാതല ഉദ്ഘാടനം കോടോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വച്ച് നടന്നു. സ്‌ക്കൂളിലെ എന്‍.എസ്.എസുമായി സഹകരിച്ച് നടത്തിയ പരിപാടി
ശുചിത്വ മിഷന്‍ ജില്ലാ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സൗമ്യ വേണുഗോപാല്‍ അധ്യക്ഷനായി. ഭൂമിയുടെ കൂട്ടുകാര്‍ ജില്ലാ കോഡിനേറ്റര്‍ രാജന്‍ ഇരിയ പദ്ധതി വിശദീകരണം നടത്തി. സ്‌ക്രാപ് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹനീഫ ബേവിഞ്ച, കെ.വി കേളു, രതീഷ് അമ്പലത്തറ, കെ.വി രജ്ജിത്ത്, ഇബ്രഹിം ചെമ്മനാട്, എ.പി അജീഷ് എന്നിവര്‍ പ്രസംഗിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ എ.ധനലക്ഷ്മി സ്വാഗതവും പി.വി കൃഷ്ണരാജ് നന്ദിയും പറഞ്ഞു.

Leave a Reply