പാണത്തൂർ ടൗണിന് സമീപം കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.

രാജപുരം: പാണത്തൂർ ടൗണിന് സമീപം കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. ആടുകുഴിയിൽ ഷാജു ചാക്കോയുടെ കൃഷി സ്ഥലത്താണ് കാട്ടന കൂട്ടം ഇറങ്ങി തെങ്ങ്, കമുക്, റബ്ബർ വാഴ എന്നിവ നശിപ്പിച്ചത്. നശിപ്പിക്കപ്പെട്ട തെങ്ങുകൾക്ക് ആറു വർഷം പ്രായമുണ്ട്. കൃഷിസംരക്ഷണത്തിൻ്റെ ഭാഗമായി സ്വന്തമായി നാലു വർഷം മുമ്പ് സൗരോർജ വേലി സ്വന്തം ചെലവിൽ ചെയ്തിട്ടുണ്ടെങ്കിലും വേലി തകർത്ത് ഇന്നലെ രാത്രി കാട്ടനകൾ കൃഷിസ്ഥലത്ത് ഇറങ്ങുകയായിരുന്നു. ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് കാർഷിക വൃത്തി ചെയ്യുന്ന ഷാജുവിൻ്റെയും കുടുംബത്തിൻ്റെയും പ്രതീക്ഷകളാണ് തകർന്നത്. ഈ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വേലി ഭാഗികവും പ്രവർത്തനക്ഷമമല്ലെന്നും പ്രദേശ വാസികൾ പറഞ്ഞു. ഫെൻസിങ് കാര്യക്ഷമമാക്കി കർഷകരെ സഹായിക്കുമെന്ന പഞ്ചായത്തിൻ്റെയും വനം വകുപ്പിൻ്റെയും ഉറപ്പും പാഴായതായി നാട്ടുകാർ പറയുന്നു. കൃഷി നശിപ്പിക്കപ്പെട്ട സ്ഥലം പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പ, പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് സഹകരണ സംഘം പ്രസിഡൻ്റ് എസ്.മധുസൂദനൻ , കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോണി തോലംപുഴ , മുൻ പഞ്ചായത്തംഗം ജോർജ് ഐസക്ക് , കോൺഗ്രസ് ബളാൽ ബ്ലോക്ക് ജനറൽ സെക്രട്ടറി സണ്ണി ജോസഫ് , തുടങ്ങിയവർ സന്ദർശിച്ചു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കർഷകർക്ക് മതിയായ നഷ്ട പരിഹാരം അടിയന്തിരമായി നൽകണമെന്നും ജോണി തോലംപുഴ ആവശ്യപ്പെട്ടു.

Leave a Reply