
രാജപുരം : പൂക്കയം ആനക്കല്ല് റോഡിൽ പൂക്കയം ചിറക്കോട് കുരിശുപള്ളിക്ക് സമീപം റോഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് കാൽനട യാത്രക്കാർക്കും സമീപത്തെ വീടുകൾക്കും ദുരിതമായി . റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായിനിർമ്മിച്ച കലുങ്കിൽ കൂടി റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി വിടാൻ സംവിധാനം ഏർപ്പെടുത്താത്തതാണ് ദുരിതത്തിന് കാരണം. റോഡ് നിർമ്മാണ ഘട്ടത്തിൽ തന്നെ നാട്ടുകാർ ഇക്കാര്യം കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു . മഴക്കാലമായതോടെഇതുവഴി പൂക്കയം പള്ളിയിലേക്കും, മാലക്കല്ല് സെൻ്റ് മേരീസ് എ യു പി , മാലക്കല്ല് ടൗൺ എന്നിവിടങ്ങളിലേക്കും മറ്റും പോകുന്ന കാൽനട യാത്രക്കാരുടെമേൽ അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ ചെളിവെള്ളം തെറിപ്പിക്കുന്നത് നിത്യ സംഭവമാണ് . ഇതിനുപുറമേ പരിസരത്തെ വീടുകളുടെ മനോഹരമായ പെയിന്റടിച്ച മതിലുകൾ ചെളി വെള്ളം തെറിച്ച് വൃത്തികേടാകുന്നതും പതിവാണ് . ഇക്കാര്യത്തിൽ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .