
രാജപുരം: കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെ 2024 – 25 വിദ്യാഭ്യാസ പ്രോജക്ടിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് ആണ് കൂടെയുണ്ട് പറന്നുയരാം. അക്കാദമിക വർഷാരംഭം മുതൽ പഠന പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളിൽ ചിലർക്ക് കൂടുതൽ പരിഗണനയും മറ്റു ചിലർക്ക് അധിക പ്രവർത്തനങ്ങളും നൽകേണ്ടതായുണ്ട്. ഇതിനായി ആവിഷ്കരിച്ച പഠന പരിപോഷണ പരിപാടിയാണ് കൂടെയുണ്ട് പറന്നുയരാം. ജനുവരി മുതൽ സാധാരണ ക്ലാസ് സമയത്തിന് പുറത്ത് 30 ദിവസങ്ങളിലായി നടത്തുന്ന പ്രോജക്ട് ആണിത്. കുട്ടികളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്ന ഈ പ്രോജക്ടിൽ അധിക ക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ, ഏകദിന ക്യാമ്പുകൾ, സെമിനാറുകൾ എന്നിവ ഉൾപ്പെടുത്തുന്നു.
ഇതിൻ്റെ ഭാഗമായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് ജിയുപിഎസ് ബേളൂരിൽ മാർച്ച് 15 ന് നടന്നു. എൽപി യുപി കുട്ടികൾക്ക് വെവ്വേറെ നടത്തിയ ക്യാമ്പ് ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ എസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അലോഷ്യസ് ജോർജ്, പിടിഎ പ്രസിഡണ്ട് പി.പ്രതീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി കെ.വി.സജിന, കെ ലേഖ എന്നിവർ സംസാരിച്ചു. കാസർഗോഡ് ടൗൺ യുപി സ്കൂൾ അധ്യാപകൻ വിജയൻ ശങ്കരം പാടി, ബിരിക്കുളം എയുപി സ്കൂൾ അധ്യാപകൻ ജിജോ പി ജോസഫ് എന്നിവർ ക്ലാസ് എടുത്തു. 110 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.