റാണിപുരം കുണ്ടുപ്പള്ളിയിൽ വീണ്ടും കാട്ടാന ഇറങ്ങി. കാർഷികവിളകൾ നശിപ്പിച്ചു.

രാജപുരം : റാണിപുരം കുണ്ടുപ്പള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. കുണ്ടുപ്പള്ളി കുറത്തിപ്പതിയിലെ പി.മോഹനന്റെ കാർഷിക വിളകളാണ് ആന നശിപ്പിച്ചത്. രണ്ടു ദിവസം മുമ്പും ഇവിടെ കാട്ടാനയെത്തി  കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. പറമ്പിലെ തെങ്ങ്, കവുങ്ങ്, വാഴ, പ്ലാവ് ഉൾപ്പെടെ നശിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് കുറച്ച് കാലമായി  തുടർച്ചയായി ആനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. പ്രദേശത്ത് സൗരോർജ്ജ വേലിയുടെ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും, പ്രവൃത്തി പൂർത്തീകരിക്കാൻ ബാക്കിയുള്ള  പാറക്കടവ് ഭാഗത്ത് നിന്നാണ് ആന കൃഷിയിടങ്ങളിലേക്ക് എത്തുന്നത് എന്നാണ് കരുതുന്നത്. വിവരം അറിഞ്ഞെത്തിയ വനംവകുപ്പിൻ്റെ ആർആർടി സംഘവും, നാട്ടുകാരും ചേർന്ന്  നടത്തിയ തെരച്ചിലിൽ സോളാർ വേലിക്കകത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കണ്ടെത്തിയ മൂന്ന് ആനകളെ കർണാടക വനത്തിനകത്തേക്ക് ഓടിച്ചു കയറ്റി. പ്രദേശത്ത് നിരവധി സ്വകാര്യ വ്യക്തികളുടെ എക്കർ കണക്കിന് സ്ഥലം  കാടുപിടിച്ചു കിടക്കുന്നത് ആനകൾക്ക് തമ്പടിക്കുവാൻ സഹായകമാകുന്നു.  കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലെ കാട് വെട്ടിത്തെളിക്കാനുള്ള നടപടികൾ റവന്യൂ അധികാരികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Leave a Reply