ബളാന്തോട് സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു.

രാജപുരം: ബളാന്തോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ നിന്നായിരുന്നു കടന്നൽ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴായിരുന്നു കടന്നൽ കുത്തേറ്റത്. മൺപുറ്റിൽ കൂട് കൂടിയ കടന്നലുകളാണ് കുത്തിയത്. ഉടൻതന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു . കൂടെയുണ്ടായിരുന്ന നാല് തൊഴിലാളികൾക്കും  കുത്തേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.  ഈ മാസം സർവീസിൽ നിന്ന് വിരമിക്കാനിരിക്കേയാണ് മരണം.