സംസ്‌ഥാന പാതയോരം കാട് മൂടി വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു.

രാജപുരം: സംസ്‌ഥാന പാതയോരം കാട് മൂടി വാഹന യാത്രക്കാരുടെ കാഴ്ച
മറയ്ക്കുന്നു. കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയുടെ ഇരുവശത്തുയുമാണ് കാട് മൂടിയിരിക്കുന്നത്. ഇരുവശവും കാട് വളർന്ന് റോഡിലേക്ക് ചാഞ്ഞ് വാഹന യാത്രക്കാരുടെ കാഴ്ച‌ മറയ്ക്കുന്നതായി പരാതിയുണ്ട്. വശങ്ങളിലെ മരങ്ങളുടെ ശിഖരങ്ങൾ വളർന്ന് റോഡിലേക്ക് നിൽക്കുന്നതും അപകട ഭീഷണി ഉയർത്തുന്നു. കാറ്റിൽ തകർന്നാൽ വൈദ്യുത ലൈനിനു മുകളിലേക്ക് വീഴും. സംസ്‌ഥാന പാതയിൽ ചുള്ളിക്കര മുതൽ മുട്ടിച്ചരൽ വരെയാണ് കൂടുതൽ കൂടുതൽ ഭീഷണിയുള്ളത്. കാട് വളർന്ന് ഡ്രൈവർമാരുടെ കാഴ്‌ച മറയ്ക്കുന്നതിനാൽ റോഡിലെ വളവുകളിൽ എതിരെ വരുന്ന വാഹനങ്ങളെ കാണാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ഡ്രൈവർമാർ പറയുന്നു. കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു. അതത് തദ്ദേശ സ്‌ഥാപന മേധാവികൾ തങ്ങളുടെ പരിധിയിൽ വരുന്ന സംസ്ഥാന പാതയോരം ശുചീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.