രാജപുരം കാഞ്ഞങ്ങാട് – പാണത്തൂർ മെക്കാഡം ടാറിങ്ങിന്റെ ഭാഗമായി രാജപുരം ടൗണിൽ പാലങ്കല്ല് റോഡ് മുതൽ ഇലക്ട്രിസിറ്റി ഓഫീസ് വരെയുള്ള ഓട നിർമാണം ഒരു മാസത്തിലധികമായി ഇഴഞ്ഞുനീങ്ങുന്നത് വ്യാപാരികളെയും വിദ്യാർത്ഥികളെയും കടുത്ത ദുരിതത്തിലാഴ്ത്തുന്നു. കാലവർഷം കനത്തതോടെ പ്രദേശം പൂർണ്ണമായും ചെളിക്കുളമായി മാറിയിരിക്കുകയാണ്; ഓടയ്ക്കായി എടുത്ത കുഴികളിൽ മണ്ണ് നിറഞ്ഞ അവസ്ഥയിലാണുള്ളത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ എൻജിനീയറോ സ്ഥലത്തില്ലാതെ, കുറച്ച് അന്യസംസ്ഥാന തൊഴിലാളികളെ മാത്രം വെച്ചാണ് നിർമാണം മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം കൂൾബാറിൽ വന്ന മൂന്ന് വയസ്സുള്ള പിഞ്ചുകുട്ടി ഓടയിൽ വീണ് അപകടമുണ്ടായിട്ടും ജനപ്രതിനിധികളൊ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ മുൻനിർത്തി, ഇനിയൊരു വലിയ അപകടത്തിന് കാത്തുനിൽക്കാതെ അധികൃതർ അടിയന്തരമായി ഇടപെട്ട് നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
