ഹോസ്ദുർഗ് ഉപജില്ലാ കായികമേള അഭിമാന നേട്ടവുമായി രാജപുരം ഹോളി ഫാമിലി എച്ച്.എസ്.എസ്; രണ്ടാം സ്ഥാനം നിലനിർത്തി.

രാജപുരം:നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നാലു ദിവസങ്ങളിലായി അരങ്ങേറിയ ഹോസ്ദുർഗ് ഉപജില്ലാ കായിക മാമാങ്കത്തിൽ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 115 പോയിന്റുകൾ കരസ്ഥമാക്കി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം വിജയകരമായി നിലനിർത്തി.
നാലു ദിവസങ്ങളിലായി നടന്ന വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ സ്കൂളിലെ കായികതാരങ്ങൾ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. കായികതാരങ്ങളുടെ ചിട്ടയായ പരിശീലനവും അർപ്പണബോധവുമാണ് കടുത്ത പോരാട്ടങ്ങൾക്കിടയിലും ഈ അഭിമാന നേട്ടത്തിലേക്ക് സ്കൂളിനെ നയിച്ചത്.
ട്രാക്കിലും ഫീൽഡിലും സർവ്വകരുത്തും പുറത്തെടുത്ത് മികച്ച വിജയം സമ്മാനിച്ച എല്ലാ പ്രിയപ്പെട്ട കായിക പ്രതിഭകളെയും അഭിനന്ദിക്കുന്നു. അതോടൊപ്പം കുട്ടികൾക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും നൽകി കൂടെനിന്ന എല്ലാ അധ്യാപകർക്കും, പ്രത്യേകിച്ച് കായിക അധ്യാപകൻ ഡാനിഷിനും സ്കൂൾ അധികൃതർക്കും പിടിഎ കമ്മിറ്റിക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
“കഠിനാധ്വാനത്തിനും കൂട്ടായ്മയ്ക്കും ലഭിച്ച തിളക്കമാർന്ന അംഗീകാരം; നമ്മുടെ കായിക താരങ്ങൾക്ക് അഭിനന്ദനങ്ങൾ!”