രാജപുരം: പതിനെട്ടാം പിറന്നാൾ ദിനത്തിൽ രക്തം ദാനം ചെയ്ത് മാതൃകയായി ബളാംതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർ മുഹമ്മദ് ഹാഫിസ്.
സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് നടന്ന ദിവസം തന്നെയായിരുന്നു ഹാഫിസിന്റെ പതിനെട്ടാം പിറന്നാൾ. യാദൃച്ഛികമായി ഒത്തുവന്ന ഈ സുദിനം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള മഹത്തായ പ്രവർത്തനത്തിലൂടെ അർത്ഥവത്താക്കുകയായിരുന്നു ഹാഫിസ്. രക്തദാനമെന്ന മഹത്തായ യജ്ഞത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായാണ് ഹാഫിസ് കാണുന്നത്. രക്തദാനത്തിലൂടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുകയും സഹജീവികളോടുള്ള കരുതലിന്റെ സന്ദേശം പകരുകയും ചെയ്ത വിദ്യാർത്ഥിയെ അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.
എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സന്നദ്ധ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
