രാജപുരം: സെന്റ് പയസ് ടെൻത് കോളേജ് നാക്ക് 3.11 ഗ്രേഡ് പോയിന്റ് ഓടുകൂടി A ഗ്രേഡ് നേടി മികച്ച പഠനാന്തരീക്ഷം വീണ്ടും ശ്രദ്ധേയമാക്കി. മാർച്ച് 25, 26 തീയതികളിലായി യുജിസിയുടെ നാക്ക് പിയർ ടീം കോളേജ് സന്ദർശിച്ചു പാഠ്യ സംവിധാനവും പഠനാന്തരീക്ഷവും വിലയിരുത്തിയിരുന്നു. അഞ്ചു വർഷങ്ങൾ കൂടുമ്പോഴാണ് കോളേജുകളിൽ നാക്ക് വിലയിരുത്തൽ പ്രക്രിയ നടക്കുന്നത്. മൂന്നാമത്തെ വിലയിരുത്തൽ പ്രക്രിയയിലൂടെയാണ് കോളേജ് കടന്നുപോയത്. 2005 ൽ നടന്ന ആദ്യ വിലയിരുത്തൽ ഘട്ടത്തിൽ കോളേജ് ബി പ്ലസ് നേടിയിരുന്നു. 2013 ൽ രണ്ടാംഘട്ടത്തിന്റെ ഫലം വന്നപ്പോൾ 3.11 ഗ്രേഡ് പോയിന്റ് നേടി ഗ്രേഡ് ‘A’ ആയി ഉയർന്നു. ഇന്ന് വന്ന മൂന്നാം ഘട്ടത്തിന്റെ ഫലം 3.11 ഗ്രേഡ് പോയിന്റും A ഗ്രേഡും നിലനിർത്തുകയായിരുന്നു. കോളേജുകളിലെ പാഠ്യ മേഖലയിലെ മികവ് , അധ്യാപന അധ്യയന വിലയിരുത്തൽ, ഗവേഷണ അന്തരീക്ഷം , സാമൂഹിക ഇടപെടലുകൾ, പശ്ചാത്തല സൗകര്യങ്ങൾ, വിദ്യാർത്ഥി നിലവാരവും മുന്നേറ്റവും എന്നിവയാണ് നാക്ക് പിയർ ടീം വിലയിരുത്തുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള ബുർദ് വാൻ സർവ്വകലാശാല വൈസ് ചാൻസലർ ഡോ ഷോറോസി മോഹൻ ദാൻ, ആസാമിലെ തേസ്പൂർ കേന്ദ്ര സർവകലാശാല രജിസ്ട്രാർ ഡോ. ബിരിയൻ ദാസ്, മുംബൈയിലെ നറഹാർ ബെൽ വന്ത് താക്കൂർ ലോ കോളേജ് പ്രിൻസിപ്പാൾ ഡോ അസ്മിത വൈദ്യ തുടങ്ങിയവരാണ് നാക്ക് പിയർ ടീം അംഗങ്ങളായി കോളേജ് സന്ദർശിച്ചത്. മലയോര പിന്നോക്ക മേഖലയിലുള്ള കോളേജിലെ പശ്ചാത്തല സംവിധാനവും, വിദ്യാർത്ഥി നിലവാരവും, അധ്യാപകരുടെ ഗവേഷണ മികവും, ഇൻഡോർ സ്റ്റേഡിയം അടക്കമുള്ള കായിക സംവിധാനവും, ലൈബ്രറിയും ഉന്നതനിലവാരമുള്ളതാണെന്ന് നാക്ക് സംഘം വിലയിരുത്തി.