ഓവുചാൽ കോൺക്രീറ്റ് ചെയ്തില്ല.
ഒടയംചാൽ – ഇടത്തോട് റോഡിൽ വണ്ണാർകോലിൽ കനത്ത മഴയിൽ മണ്ണൊലിപ്പും കൃഷി നാശവും ശക്തമാകുന്നു
പൂടംകല്ല്. ഒടയംചാൽ – ചെറുപുഴ ജില്ലാ മേജർ റോഡിൽ അടുത്തിടെ നവീകരണം പൂർത്തിയാക്കിയ ഒടയംചാൽ – ഇടത്തോട് ഭാഗത്ത് ഒടയംചാൽ വണ്ണാർകോലിൽ റോഡിന്റെ ഓവുചാൽ കോൺക്രീറ്റ് ചെയ്യാത്തതിനാൽ മണ്ണൊലിപ്പ് ശക്തമാകുന്നതായി പരാതി. സമീപത്തെ കൃഷിസ്ഥലവും മണ്ണൊലിച്ച് നാശനഷ്ടമുണ്ടായുന്നതായി പരാതിയുണ്ട്. ഇവിടെ നേരത്തെയുണ്ടായിരുന്ന കൊല്ലി റോഡ് നിർമാണ സമയത്ത് വീതി കുറച്ച് റോഡിന്റെ പാർശ്വഭിത്തി നിർമിച്ചതായും ആക്ഷേപമുണ്ട്. റോഡ് നിർമാണ സമയത്ത് തന്നെ ഓവുചാലിൽ മഴക്കാലത്ത് ഉണ്ടാകാറുള്ള വെള്ളത്തിന്റെ ഒഴുക്ക് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. പക്ഷെ ഇത് ചെവിക്കൊള്ളാതെയാണ് ഓവു ചാൽ നിർമിച്ചതെന്നു നാട്ടുകാർ ആക്ഷേപിക്കുന്നു. കലക്ടർ, പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.