രാജപുരം: കുടുംബ സഹായ നിധിയിലേക്ക് കൈത്താങ്ങാകാന്‍ കുടുക്കയിലെ സമ്പാദ്യവുമായി അഞ്ചാം ക്ലാസുകാരന്‍ . പാണത്തൂര്‍ പരിയാരത്ത് നടന്ന ലോറി അപകടത്തില്‍ മരണമടഞ്ഞ കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി പഞ്ചായത്തില്‍ രൂപീകരിച്ച ജനകീയ സമിതിക്ക് തന്റെ കുടുക്കയില്‍ സ്വരൂപിച്ച തുക നല്‍കി ആഞ്ചാം ക്ലാസുകാരന്‍. പാണത്തൂര്‍ കേളപ്പന്‍ കയത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ സദാനന്ദന്റേയും ബളാംതോട് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്. പി.സി സി.പി.ഒ കെ കമലാക്ഷിയുടെ മകനും ബളാംതോട് ഗവ.സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ നിരഞ്ജനാണ് കുടുക്കയിലെ തന്റെ സമ്പാദ്യമായ 436 രൂപ സമിതി പ്രവര്‍ത്തകരെ ഏല്‍പിച്ചത്. അച്ഛന്‍ നല്‍കുന്ന ചെറിയ തുകകള്‍ കുടുക്കയില്‍ നിക്ഷേപിക്കുന്ന നിരഞ്ജന്‍ വീട്ടിലെത്തിയ സമിതി പ്രവര്‍ത്തകരോട് തന്റെ സമ്പാദ്യം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്.