രാജപുരം: പനത്തടി പാണ്ഡ്യാലക്കാവ് ദുര്‍ഗ ഭഗവതി ക്ഷേത പുന:പ്രതിഷ്ഠ ബ്രഹ്‌മ കലശ ഉത്സവ വിജയത്തിനായി ക്ഷേത്ര-ജമാ അത്ത് ഭാരവാഹികളും അംഗങ്ങളും ചെറുപനത്തടി ബദരിയാ ജമാ അത്ത് പള്ളിയങ്കണത്തില്‍ ഒത്തുചേര്‍ന്നത് മതമൈത്രിയുടെ മഹനീയ സന്ദേശം പകര്‍ന്നു നല്‍കുന്ന ഒന്നായി.കൂട്ടായ്മയുടെ നിറവില്‍ ക്ഷേത്രോത്സവം നാടിന്റെ ആഘോഷമാക്കാനുള്ള തീരുമാനവുമായി പിരിഞ്ഞു. 21 മുതല്‍ 26 വരെ നീളുന്ന നവീകരണ കലശോത്സവത്തിന്റെ ഭാഗമായാണ് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രത്തിന് സമീപത്തെ ജമാ അത്ത് പള്ളിയങ്കണത്തില്‍ എത്തിയത്. ജാതി മത ചിന്തകള്‍ക്കപ്പുറം ജമാ അത്ത് ഭാരവാഹികളെയും പള്ളിക്ക് കീഴില്‍ വരുന്ന കുടുംബങ്ങളെയും ഉത്സവാഘോഷങ്ങള്‍ക്ക് ക്ഷണിക്കാനെത്തിയ ക്ഷേത്ര ഭാരവാഹികളെ ജമാ അത്ത് ഭാരവാഹികള്‍ പള്ളിയുടെ മുന്‍പില്‍ വച്ച് സ്വീകരിച്ചു. അഘോഷ കമ്മിറ്റി ഖജാന്‍ജി എച്ച്.വിഘ്നേശ്വര ഭട്ട്, ബാലകൃഷ്ണന്‍ കൂക്കള്‍ എന്നിവര്‍ ഉത്സവത്തെ കുറിച്ച് വിശദീകരിച്ചു. ഉസ്താദ് മുഹമ്മദ് റിയാസ് നിസാമി ജമാ അത്ത് പള്ളിയുടെയും അംഗങ്ങളുടെയും ഉറപ്പ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. തുടര്‍ന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പി.വി.കുഞ്ഞിക്കണ്ണന്‍ ഉസ്താദിനും ജമാ അത്ത് ഭാരവാഹികള്‍ക്കും ക്ഷണകത്തും നോട്ടീസും കൈമാറി. ആഘോഷ കമ്മിറ്റി ജന.കണ്‍വീനര്‍ വി.വി.കുമാരന്‍, കൂക്കള്‍ രാഘവന്‍, ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് വി.അബൂബക്കര്‍, ജന.സെക്രട്ടറി അബ്ദുള്ള പള്ളി, വി.ഹംസ, ഫൈസല്‍ വടക്കന്‍, എസ്.കെ.മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവ ക്ഷണവുമായി കോളിച്ചാല്‍ സെന്റ് ജോസഫ്സ് ഫൊറോനാ ദേവാലയത്തിലെത്തിയ ആഘോഷ കമ്മിറ്റി ഭാരവാഹികളെ ഫാ. തോമസ് പട്ടാംകുളം, സിബി നാല് തുണ്ടം, വി.സി.ദേവസ്യ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.