ശ്രീകൃഷ്ണ ജയന്തി ആഘോഷം: മലയോരം അമ്പാടിയായി.

ശ്രീകൃഷ്ണ ജയന്തി ആഘോഷം: മലയോരം അമ്പാടിയായി.

രാജപുരം: ധർമ്മ സംസ്ഥാപനത്തിന്റെ ശംഖൊലി മുഴക്കി ലോകത്തിന് മാതൃകയായ മായക്കണ്ണന്റെ ജന്മദിനം ശ്രീകൃഷ്ണ ജയന്തിയായി നാടെങ്ങും ആഘോഷിച്ചു. കോവിഡും, പ്രളയവും മൂലം കഴിഞ്ഞ മൂന്ന് വർഷ ചടങ്ങുകൾ മാത്രമായി ഒതുങ്ങിയിരുന്ന ശ്രീകൃഷ്ണജയന്തി ആഘോഷം ഈ വർഷം വിപുലമായാണ് ആഘോഷിക്കപ്പെട്ടത്. കൊട്ടോടി ശാസ്താ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പയ്യച്ചേരി വിഷ്ണുമൂർത്തി ദേവസ്ഥാനം, ഒരള, മാവുങ്കാൽ എന്നീ സ്ഥലങ്ങളിൽ നിന്നും ആരംഭിച്ച ശോഭായാത്ര കൊട്ടോടിയിൽ സംഗമിച്ച് പേരടുക്കം ധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. നൂറോളം ഉണ്ണിക്കണ്ണന്മാർ അണിനിരന്ന ശോഭായാത്ര ഭജന, ഗോപികാ നൃത്തം, ഉറിയടി എന്നിവ കൊണ്ട് മനോഹരമായി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പേരടുക്കം ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, പ്രസാദവിതരണം എന്നിവ നടന്നു. കുടുംബൂർ ദേവസ്ഥാനത്തു നിന്നും ആരംഭിച്ച ശോഭായാത്ര പെരുമ്പള്ളി അയ്യപ്പൻ കോവിലിൽ സമാപിച്ചു. പാണത്തൂർ വിവേകാനന്ദ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കാട്ടൂർ വീട്ടിൽ നിന്നും ആരംഭിച്ച ശോഭായാത്ര നഗര പ്രദക്ഷിണത്തിനു ശേഷം കാഞ്ഞിരത്തുങ്കൽ അയ്യപ്പ ക്ഷേത്രത്തിൽ സമാപിച്ചു. അയ്യങ്കാവ് ജല ദുർഗ ബാലഗോകുലത്തിന്റെ ശോഭായാത്ര പാലംകല്ല് ഗുളികൻ ദേവസ്ഥാനത്തു നിന്നും ആരംഭിച്ച് അയ്യങ്കാവ് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. പാടി, പ്രാന്തർകാവ് ഭാഗങ്ങളിൽ നിന്നും പുറപ്പെട്ട ശോഭായാത്രകൾ കോളിച്ചാൽ മുത്തപ്പൻ മടപ്പുരയിൽ സമാപിച്ചു. ആടകം ചേടിക്കുണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കള്ളാർ മഹാവിഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു. ചുള്ളിക്കര ഭജന മന്ദിരത്തിൽ നിന്നുള്ള ശോഭായാത്ര പൂടംകല്ല് ടൗൺ ചുറ്റി ഭജനമന്ദിരത്തിൽ സമാപിച്ചു. കുട്ടികളുടെ കലാപരിപാടികൾ, പൂക്കള മത്സരം എന്നിവയും നടന്നു.

Leave a Reply