രാജപുരം: പരസ്പരം പ്രണയിച്ച് ഒന്നിച്ചവർ വിവാഹിതരായത് 37 വർഷങ്ങൾക്ക് ശേഷം .പനത്തടി പഞ്ചായത്തിലെ കോളിച്ചാൽ മാട്ടക്കുന്ന് പട്ടിക വർഗ കോളനിയിലെ മറാട്ടി സമുദായത്തിൽ പെട്ട ചോമണ്ണൻ നായ്ക്ക് (65) ഭാരൃ ഓമന (58) എന്നിവരാണ് ഒന്നിച്ച് ജീവിക്കാൻ തുടങ്ങി 37 വർഷങ്ങൾക്ക് ശേഷം പെരുതടി മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം സമുദായ ആചാര പ്രകാരമുള്ള ധാരാ കല്യാണം കഴിച്ചത്. 37വർഷങ്ങൾക്ക് മുൻപ് പാണത്തൂർ കൂപ്പിൽ ജോലി ചെയ്യവെ ചോമണ്ണ നായ്ക്കും ഓമനയും പരസ്പരം ഇഷ്ടപെട്ടാണ് പ്രണയിച്ച് ഒന്നിച്ചത്. ഇരുവരും പുത്തൻ വിവാഹ വസ്ത്രങ്ങൾ അണിഞ്ഞാണ് കതീർമണ്ഡപത്തിൽ എത്തിയത്. ഓമനയുടെ സഹോദരൻ അണ്ണയ്യ നായ്ക്കരാണ് പിതാവിന്റെ സ്ഥാനത്ത് നിന്ന് വധുവിനെ കൈപ്പിടിച്ച് ഏൽപ്പിച്ചത്. വിവാഹ ശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കി യിരുന്നു. ചോമണ്ണൻ -ഓമന ദബതികൾക്ക് 3 മക്കളാണ്. മൂവരും വിവിഹിതരായി. വിലക്ക് നീങ്ങി തറവാട്ടിൽ പ്രവേശിച്ച ഇവർക്ക് ലൈഫ് ഭവന പദ്ധതി യിൽ പനത്തടി പഞ്ചായത്ത് വീടും അനുവദിച്ചതറിഞ്ഞപ്പോൾ ഇരട്ടിമധുരമായി.