കയ്യൊപ്പിൽ പുരസ്കാരം നേടി പെരുതടിയിലെ ശിവരഞ്ജിനി .
രാജപുരം: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരക വായനശാല ഏർപ്പെടുത്തിയ രണ്ടാമത് എൻ. മനേഷ് കുമാർ സ്മാരക മാതൃഭാഷാ കയ്യൊപ്പ് പുരസ്കാരത്തിന് പെരുതടിയി പി.വി ശിവരഞ്ജിനി അർഹയായി. ബളാംതോട് ഗവ. എച്ച്.എസ്.എസിലെ പത്താംതര വിദ്യാർത്ഥിനിയാണ്.
പ്രശസ്ത മലയാള കവിയും ചലച്ചിത്ര ഗാന രചയിതാവുമായ റഫീക്ക് അഹമ്മദാണ് നൂറോളം എൻട്രികളിൽ നിന്ന് മികച്ച കയ്യൊപ്പ് തെരഞ്ഞെടുത്തത്. ശിവരഞ്ജിനിയുടെ ഒപ്പ് കലാപരവും മറ്റാർക്കും അനുകരിക്കാനാവാത്തതാണ്.
പെരുതടി മഹാദേവ ക്ഷേത്രത്തിൽ കഴകജോലി ചെയ്യുന്ന പി.രാമചന്ദ്രൻ്റെയും വീട്ടമ്മയായ പി.വി.രാജശ്രീയുടേയും മൂത്തമകളാണ്. അനിയൻ പി.വി.ശിവപ്രസാദ് . മലയാളം അധ്യാപകനായ അനീഷ് മാഷിൻ്റെ ക്ലാസുകളും അതുവഴിയുണ്ടായ മാതൃഭാഷയോടുള്ള സ്നേഹവുമാണ് കയ്യൊപ്പ് മലയാളത്തിലാക്കാൻ പ്രേരണയായത്. മികച്ച നർത്തകിയായ ശിവരഞ്ജിനി സംഗീതവും പഠിച്ചിട്ടുണ്ട്. സിവിൽ സർവ്വീസ് മേഖലയിൽ എത്തിപ്പെടുക എന്നതാണ് ജീവിതലക്ഷ്യം.
പുരസ്കാരവും സമ്മാനമായ 5000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും ബാപ്പുജി സ്മാരക വായനശാല ഭാരവാഹികൾ ബളാംതോട് ഗവ. ഹയർസെക്കൻ്ററി സ്കൂളിലെത്തി സമ്മാനിക്കും.