രാജപുരം:ആസാദി കാ അമൃത് മഹോത്സവ് സമാപനത്തിന്റെ ഭാഗമായി നടത്തുന്ന മേരി മാട്ടി മേരാ ദേശ്’ (എന്റെ മണ്ണ്, എന്റെ രാജ്യം) പരപ്പ ബ്ലോക്ക് പഞ്ചായത്ത് തല അമൃത് കലശ യാത്ര രാജപുരം സെൻ്റ് പയസ് ടെൻത് കോളജിൻ്റെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രാജപുരം സെൻ്റ് പയസ് കോളജിൽ വച്ച് നടത്തി.
പരപ്പ ബ്ലോക്കിലെ വിവിധ വില്ലേജുകളില്‍ നിന്നായി ശേഖരിച്ച മണ്ണ് ബ്ലോക്ക് അടിസ്ഥാനത്തിൽ യോജിപ്പിച്ച് കലശത്തിലാക്കി കോളേജ് പരിസരത്ത് എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെ അമൃത കലശ യാത്ര നടത്തി.
വീര മൃത്യു വരിച്ച ജവാൻമാരോടുള്ള ആദര സൂചകമായി ശേഖരിച്ച അമൃത കലശങ്ങള്‍ നെഹ്റു യുവകേന്ദ്ര, യൂത്ത് വെല്‍ഫെയർ വോളന്റീർമാർ ഈ മാസം 30 നും 31നും ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയിലേക്ക് എത്തിക്കും. രാജ്യത്തെ വിവിധ ഗ്രാമങ്ങളിലെ മണ്ണുകള്‍ ഉപയോഗിച്ച് വീര്‍ ഉദ്യാനം ഒരുക്കും.
രാജപുരം സെന്റ് പയസ് കോളേജിൽ വച്ച് നടത്തിയ പരിപാടി കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ നാരായണൻ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ.ദേവസ്സ്യ എം. ഡി അധ്യക്ഷത വഹിച്ച ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് മുഖ്യതിഥിയായി. ലീഡ് ബാങ്ക് ഓഫീസർ ഹരീഷ്, എൻ എസ് എസ് ഓഫീസർ പാർവതി .ഇ എന്നിവർ ആശംസ അറിയിച്ചു.
ജില്ലാ യൂത്ത് ഓഫീസർ ശ്രീ അഖിൽ പി പരിപാടി വിശദീകരിച്ചു, കോളേജ് എൻ എസ് എസ് ഓഫീസർ ശ്രീ അജോ ജോസ് സ്വാഗതവും നെഹ്റു യുവ കേന്ദ്ര വോളൻ്റിയർ സനൂജ നന്ദിയും പ്രകാശിപ്പിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.