രാജപുരം : അന്യം നിന്ന് കൊണ്ടിരിക്കുന്ന നെൽകൃഷി നേരിട്ട് കണ്ട് മനസിലാക്കാനും വയലെന്ന ആവാസ വ്യവസ്ഥയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനുമായി ജി.എച്ച്.എസ് പുല്ലൂർ ഇരിയയിലെ കുട്ടികൾ ബാത്തൂർ വയലിലെത്തി. പരിചയ സമ്പന്നരായ അമ്മമാർ നാട്ടിപ്പാട്ടിൻ്റെ താളത്തിൽ അതിവേഗം ഞാർ നടുന്ന കാഴ്ച കുട്ടികളിൽ ഏറെ കൗതുകമുണർത്തി. തുടർന്ന് മഴയുടെ അകമ്പടിയിൽ കുട്ടികൾ വയലിലെ ചെളിയിലേക്ക് ആവേശപൂർവ്വം ഇറങ്ങി. ഞാറിൻ കെട്ടിൽ നിന്ന് ഓരോ ഞാറുകളായി പാടത്ത് നടുന്ന രീതി മികച്ച ജൈവ കർഷകൻ കൂടിയായ റിട്ട.എ.ഇ.ഒ പി.വി.ജയരാജ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വയലുകളുടെ പരിസ്ഥിതി പ്രാധാന്യവും കൃഷിയുടെ വിവിധ ഘട്ടങ്ങളും കുട്ടികൾ അദ്ദേഹത്തിൽ നിന്ന് ചോദിച്ചറിഞ്ഞു. വയലിന്റെ പ്രധാന്യവും നിത്യ ഭക്ഷണമായ അരി എങ്ങനെയുണ്ടാവുന്നുവെന്നും നേരനുഭവത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് നവ്യാനുഭവമായി. പി.ടി.എ പ്രസിഡണ്ട് ശിവരാജ് , മദർ പി.ടി.എ പ്രസിഡണ്ട് ഷാന, ഇക്കോ ക്ലബ്ബ് കൺവീനർ ടി.രാജേഷ് കുമാർ, എം.വി.ജയ തുടങ്ങിയർ ഫീൽഡ് ട്രിപ്പിന് നേതൃത്വം നൽകി. മഴയും വയലും അതിലെ ചെളിയും നാട്ടിപ്പണിയും നാട്ടിപ്പാട്ടും ആവോളം ആസ്വദിച്ചും മനസുകളിൽ കൃഷിയുടെ പാഠം എഴുതിയുമാണ് കുട്ടികൾ മടങ്ങിയത്.