രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് കേരള വനം വകുപ്പിന്റെ സഹകരണത്തോടെ റാണിപുരം വനത്തിൽ മഴനടത്തം സംഘടിപ്പിച്ചു. കുട്ടികളിൽ പ്രകൃതിസ്നേഹമുണ്ടാക്കുക, വനത്തിന്റെ സവിശേഷതകൾ മനസ്സിലാക്കുക, പ്രകൃതിയെ അടുത്തറിയുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ മഴനടത്തത്തിന്റെ ഭാഗമായി അധിനിവേശ സസ്യങ്ങളുടെ നിര്‍മ്മാര്‍ജനം, സഞ്ചാരികൾ കാട്ടുവഴികളിൽ ഉപേക്ഷിച്ചുപോയ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വളണ്ടിയര്‍മാര്‍ നടത്തി.
യാത്രയ്ക്കിടയിൽ പെയ്ത ചെറുമഴ നനഞ്ഞും കാട്ടുപക്ഷികൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളെ അടുത്തു കണ്ടും നീങ്ങിയ സംഘാംഗങ്ങൾ വിവിധയിനം സസ്യങ്ങളും മരങ്ങളും പരിചയപ്പെട്ടു.
മഴനടത്തത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ നിര്‍വ്വഹിച്ചു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ എല്‍.ശരണ്യ, പി.ടി.എ പ്രസിഡന്റ് ബാലചന്ദ്രന്‍ കൊട്ടോടി, ഫോറസ്റ്റ് ഓഫീസര്‍ വിഷ്ണു കൃഷ്ണന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ അനൂപ് കുമാര്‍, ഷിനിത്ത് പാട്യം, വി.ടി.ശൈലജ, എസ്.ഷീന എന്നിവര്‍ സംസാരിച്ചു.