പൊടവടുക്കം ക്ലായി തെയ്യംകെട്ട്; അന്നദാനത്തിനായി ഒരുക്കിയ നെൽകൃഷി വിളവടുത്തു

രാജപുരം: നാട് ഒന്നിച്ച് ഇരുപത് എക്കറോളം വരുന്ന തരിശുപാടത്ത് വിളവിറക്കിയ ക്ലായി കണ്ടത്തിൽ കൊയ്ത്തുത്സവത്തിന് ആവേശകരമായ തുടക്കം. 2027 ഫെബ്രുവരി 14, 15, 16 തീയതികളിൽ ബാത്തൂർ ഭഗവതി ക്ഷേത്ര കഴകം, ക്ലായി തറവാട്, മുണ്ടാത്ത് കോയ്മ,ക്ലായി പൊടവടുക്കം ദേവസ്ഥാനത്ത് വെച്ച് നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഭക്തജനങ്ങൾക്ക് അന്നദാനം ഒരുക്കുന്നതിനായാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ ഈ നെൽകൃഷി ഇറക്കിയത്.
ക്ലായി കണ്ടത്തിൽ നടന്ന കൊയ്ത്തുത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ കോടോം ബേളൂർ കൃഷി ഓഫീസർ ഹരിത മുഖ്യാതിഥിയായിരുന്നു.
21-ാം വാർഡ് മെമ്പർ ടി.കൃഷ്ണൻ, തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ചെയർമാൻ ഇ. കെ. ഷാജി ഇരിയ, ജനറൽ കൺവീനർ എ. നാരായണൻ നായർ പുതിയകണ്ടം, വർക്കിംഗ് ചെയർമാന്മാരായ നാരായണൻ നായർ കപ്പാത്തിക്കാൽ, രവീന്ദ്രൻ ടി. ക്ലായി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മാതൃസമിതി ഭാരവാഹികളായ സരിത രാമകൃഷ്ണൻ, പ്രീജ ക്ലായി, ചന്ദ്രാവതി അരിയളം കാർഷിക സമിതി ഭാരവാഹികളായ ജനാർദ്ദനൻ നായർ ക്ലായി, പവിത്രൻ നെല്ലിക്കാട്ട് എന്നിവരും ആചാരസ്ഥാനികരും തറവാട് കാരണവന്മാരും മുണ്ടത്ത് കോയ്മ അംഗങ്ങളും ചടങ്ങിന് നേതൃത്വം നൽകി. തെയ്യം കെട്ട് മഹോത്സവത്തിനായി രൂപീകരിച്ച വിവിധപ്രാദേശിക സമിതി ഭാരവാഹികളും അംഗങ്ങളും പ്രദേശവാസികളും ചടങ്ങിന്റെ ഭാഗമായതോടെ   കാർഷിക സംസ്കൃതിയുടെയും ജനകീയ കൂട്ടായ്മയുടേയും വിളംബരമായി കൊയ്ത്തുത്സവം  മാറി .