രാജപുരം: ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡ് അറ്റകുറ്റപ്പണികള്‍ നടത്താതെ വര്‍ഷളായി. ടാറിങ് തകര്‍ന്ന് കുണ്ടുംകുഴിയുമായ റോഡില്‍ക്കൂടി വാഹനങ്ങളുടെ ദുരിതയാത്ര. ഓടയില്ലാത്തതിനാല്‍ മഴവെള്ളം റോഡിലൂടെ ഒഴുകി ടാറിങ്ങിന്റെ ഇരുഭാഗത്തും വലിയ ചാലുകളായി. വാഹനങ്ങള്‍ പരസ്പരം വഴിമാറുമ്പോള്‍ കുഴിയില്‍വീണ് അടി തട്ടി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതു പതിവാണ്. ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തികളുടെ കൂട്ടത്തില്‍പെടുത്തി മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശപ്രകാരം മാലക്കല്ല് മുതല്‍ എഴുന്നൂറ് മീറ്റര്‍ ദൂരം ടാറിങ് നടത്താന്‍ 98ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതിക അനുമതി ലഭിക്കാത്തതിനാല്‍ കരാര്‍ നടപടികള്‍ അനിശ്ചിതത്വത്തിലാണ്. സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ച പദ്ധതി ഇപ്പോള്‍ തിരുവനന്തപുരം റോഡ്സ് വിഭാഗം ചീഫ് എന്‍ജിനീയറുടെ മേശപ്പുറത്താണ്. ആനക്കല്ലില്‍ നിന്നു മാലക്കല്ല് വരെ ഒന്‍പതു കിലോമീറ്റര്‍ ദൂരമാണു റോഡിനുളളത്. ബീംബുങ്കാലില്‍ ടാറിങ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞു.പല സ്ഥലത്തും നാട്ടുകാര്‍ തന്നെ കല്ലും മണ്ണും ഇട്ട് കുഴികള്‍ നികത്തിയിട്ടുണ്ട്. ടാറിങ്ങിനായി ഭാരണാനുമതി ലഭിച്ച 700 മീറ്റര്‍ ഭാഗത്തെ പ്രവര്‍ത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി പണി തുടങ്ങണമെന്നും പൊട്ടിപ്പോളിഞ്ഞബാക്കി ഭാഗങ്ങള്‍ കൂടി ഉടന്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മലബാര്‍ കുടിയേറ്റ മേഖലയിലൂടെ കടന്നുപോകുന്ന റോഡിനെ ജില്ലാ മേജര്‍ റോഡായി ഉയര്‍ത്തണമെന്നും ആവശ്യമുയരുന്നുണ്ട്.