രാജപുരം:സംസ്ഥാന സര്‍ക്കാര്‍ മണ്ണ് പര്യവേഷണ, സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടരകോടി രൂപ ചിലവഴിച്ച് നടപ്പാക്കുന്ന തിമ്മന്‍ചാല്‍ നീര്‍ത്തടം മണ്ണ് ജല സംരക്ഷണ പദ്ധതി പൂര്‍ത്തിയായതായി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ലായിലെ കിഴക്കന്‍ മലയോരമേഖലിലെ പനത്തടി പഞ്ചായത്തിലെ 1,2,3,4 വാര്‍ഡുകളിലും, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ 8,9 വാര്‍ഡുകള്‍ ഉള്‍പ്പെട്ട പ്രദേശത്തും നബാര്‍ഡിന്റെ സഹായത്തോടെ ആര്‍ഐഡിഎഫ് 19 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ എം പി പി കരുണാകരന് പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച പദ്ധതിയാണ് അഞ്ച് വര്‍ഷം കൊണ്ട് നൂറ് ശതമാനവും പൂര്‍ത്തിയാക്കി യത്. കേരളത്തില്‍ തന്നെ മണ്ണ് സംരക്ഷണ മേഖലില്‍ ആദ്യമായണ് ഇത്രയും വലിയ പണം ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷികമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഈ പദ്ധതി ഈ പ്രദേശത്തെ 1165 ഹെക്ടറിലെ 960 കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണം ലഭിച്ചിരിക്കുന്നത്. 241.51 ലക്ഷം രൂപ ചിലവഴിച്ച് നടപ്പാക്കിയ പദ്ധതിയില്‍ കല്ല് കയ്യാല, മണ്ണ് കയ്യാല, മഴക്കുഴി, തട്ട് തിരിക്കല്‍, നീര്‍ച്ചാലുകളുടെ സംരക്ഷണം, ചെറുതടയണകള്‍ നിര്‍മ്മാണം, മഴക്കുഴി, മഴവെള്ളസംഭരണം എന്നി പദ്ധതികളാണ് നടപ്പാക്കിയിരിക്കുന്നത്. 46 തോടുകളിലെ പാര്‍ശ്വ ഭിത്തി നിര്‍മ്മാണം, രണ്ട് കോണ്‍ക്രീറ്റ് തടയണകള്‍, വെള്ളം കുത്തി ഒലിക്കാതെ ഇരിക്കാനുള്ള 194 തടയണകള്‍ എന്നിവയും ഇതിന്റെ ഭാഗമായി നിര്‍മ്മിച്ചിട്ടുണ്ട്. കുടിവെള്ളത്തിനും, കാര്‍ഷിക മേഖലയിലെ ജലസേചനത്തിനും ഏറെ ബുദ്ധിമുട്ട് നേരിട്ട മേഖലയില്‍ നിര്‍ത്തട പദ്ധതി കൊണ്ട് ജലക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞത് കര്‍ഷകര്‍ക്ക് ഏറെ ആശ്വസമാണ്. സര്‍വേയര്‍ കെ പ്രീത, ഓവര്‍സിയര്‍ എം നാരായണന് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. നൂറ് ശതമാനം പദ്ധതി പൂര്ത്തിയക്കിയതിന്റെ ഭാഗമായി രണ്ട് പഞ്ചായത്തുകള്‍ക്കും പദ്ധതി കൈമാറ്റം നടത്തും. 24ന് പകല്‍ 11ന് മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര ഓഡിറ്റേറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ ചന്ദ്രശേഖരന് പദ്ധതി പൂര്‍ത്തീകരണ ആസ്തി കൈമാറ്റവും സുവനീര്‍ പ്രകാശനവും നിര്‍വ്വഹിക്കും. കെ കുഞ്ഞിരാമന് എം എല്‍ എ അധ്യക്ഷനായിരിക്കും. ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു മുഖ്യാതിഥിയായിരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ കണ്‍വീനാര്‍ ജി എസ് രാജീവ്, ചെയര്മാന് കെ നാരായണന് നായര്‍, എ ആര് മുരളിധരന് എന്നിവര്‍ പങ്കെടുത്തു.