സ്വാതന്ത്ര്യ ദിനത്തിൽ മെഗാ തിരുവാതിര അവതരിപ്പിച്ച് കൊട്ടോടി ജി എച്ച് എസ് എസ്.
.രാജപുരം: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പുതുമയാർന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ് വി.ജഹാംഗീർ പതാക ഉയർത്തി. തുടർന്ന് വാദ്യമേളങ്ങളുടെയും മുദ്രാ ഗീതങ്ങളുടെയും അകമ്പടിയോടെ സ്കൂൾ ഗ്രൗണ്ടിലേക്ക് ഘോഷയാത്ര നടത്തി. പി ടിഎ പ്രസിഡൻ്റ് എ.ശശിധരൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 27 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിച്ച ഹവിൽദാർ എച്ച്.ചെനിയനെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോസ് പുതുശ്ശേരിക്കാലായിൽ, എം.കൃഷ്ണകുമാർ , എസ് എം സി ചെയർമാൻ ബി.അബ്ദുള്ള, പിടിഎ വൈസ് പ്രസിഡൻ്റ് സി.കെ.ഉമ്മർ, മദർ പി ടി എ പ്രസിഡൻ്റ് കെ. അനിത , സ്റ്റാഫ് സെക്രട്ടറി വി. കെ.കൊച്ചുറാണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ് വി. ജഹാംഗീർ സ്വാഗതവും പ്രധാനധ്യാപിക കെ. ബിജി ജോസഫ് നന്ദിയും പറഞ്ഞു. സമ്മേളനത്തിനിടയിൽ 75 കുട്ടികൾ എഴുതി തയ്യാറാക്കിയ 75 ധീര സ്വാതന്ത്യ സമര സേനാനികളുടെ ജീവചരിത്രക്കുറിപ്പ് പ്രകാശനം ചെയ്തു. 75 കുട്ടികൾ ആലപിച്ച ദേശഭക്തി ഗാനങ്ങളും 75 കുട്ടികളുടെ എയ്റോബിക്സും 75 പെൺകുട്ടികളുടെ മെഗാ തിരുവാതിരയും വേറിട്ട പരിപാടികളായിരുന്നു. മൂന്നാം ക്ലാസിലെ കുട്ടികളുടെ ഫ്ലാഷ് മോബ്, പ്രീ പ്രൈമറി കുട്ടികളുടെ ആക്ഷൻ പാട്ടും ദേശഭക്തിഗാനവും സമ്മേളനത്തിന് മാറ്റുകൂട്ടി. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യവും സഹകരണവും ഏവരുടേയും ശ്രദ്ധ ആകർഷിച്ചു. 91 ബാച്ചിലെ കുട്ടികൾ സ്പോൺസർ ചെയ്ത പായസവും ഉണ്ടായിരുന്നു.