മികച്ച നടിക്കുള്ള പുരസ്കാരം നേടിയ വിൻസിയോടൊപ്പം അഭിനയിച്ച ഷാന ബാലൂരിന് അനുമോദനം നൽകി.

രാജപുരം ;മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് വിൻസി അലോഷ്യസിനു നേടികൊടുത്ത രേഖ എന്ന സിനിമയിൽ അവരോടൊപ്പം അഭിനയിച്ച കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്‌ 19-ാം വാർഡിലെ ഷാന ബാലൂരിന് വാർഡ് വികസന സമിതി നേതൃത്വത്തിൽ അനുമോദനം നൽകി. ചെറുപ്പം മുതൽ തന്നെ കലാമേഖലയിൽ കഴിവ് തെളിയിച്ച ഈ കലാകാരി പിന്നീട് വാർത്ത മാധ്യമ രംഗത്ത് തുടരുകയായിരുന്നു. വീണ്ടും രേഖ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കാലെടുത്തു വെച്ചിരിക്കുന്ന ഷാനയ്ക്ക് സിനിമയിലും നിരവധി അവസരങ്ങൾ ലഭിക്കുകയാണ്. ഷാനയെ വാർഡ് മെമ്പറും  പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ  പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എൽ.ഉഷ, വാർഡ്കൺവീനർ പി.ജയകുമാർ, വാർഡു സമിതി അംഗങ്ങളായ ബി.മുരളി, അംബിക മണ്ടേങ്ങാനം, രഞ്ജുഷ ബാലൂർ, എന്നിവരും സംബന്ധിച്ചു. ഇതിനോടകം 5 സീരിയലുകളിലും 3 ഷോട്ട് ഫിലിമുകളിലും അഭിനയിച്ച ഈ കലാകാരി നല്ല നാടൻ പാട്ടുകാരിയും മികച്ച അവതാരകയുമാണ്. ക്ലാസിക്കൽ നൃത്തത്തിൽ കഴിവ് തെളിയിച്ച ഷാന ഇക്കഴിഞ്ഞ കുടുംബശ്രീ അരങ്ങ് കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിച് പങ്കെടുത്ത് സംസ്ഥാന തലത്തിൽ  സീനിയർ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയിടുണ്ട്. ബാലൂർ പുതിയപുരയിൽ നാരായണന്റെയും പുഷ്പയുടെയും മകളാണ്. ഏക മകൻ സ്വാസ്തിക് അമ്മയ്ക്ക് എല്ലാ പിന്തുണയുമായി ഒപ്പം ഉണ്ട്. ബന്തടുക്ക സ്വദേശിയായ ജിതിൻ ഐസക് തോമസ് ആണ് രേഖ സിനിമയുടെ സംവിധായാകൻ. കാഞ്ഞങ്ങാട് ഭാഷ ശൈലി ഉപയോഗിച്ചിട്ടുള്ള ഈ സിനിമയിൽ കൂടുതലും കാസർകോട് ജില്ലയിലെ കലാകാരന്മാരാണ് അഭിനയിച്ചിരിക്കുന്നത്.

Leave a Reply